Connect with us

Kerala

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സിയും കൂട്ടിയിടിച്ച് വന്‍ ദുരന്തം; വിദ്യാർഥികൾ അടക്കം ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

Published

|

Last Updated

പാലക്കാട് | തൃശൂർ- പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ ഇടിച്ച് വന്‍ ദുരന്തം. അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒന്‍പതുപേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിൻ്റർബോൺ ജോസ് (16), ദിയ രാജേഷ് (15), പ്ലസ് ടു വിദ്യാർഥികളായ അഞ്ജന അജിത് (17), ഇമ്മാനുവല്‍ (16), കായിക അധ്യാപകനായ വിഷ്ണു (33) എന്നിവരും കെ എസ് ആർ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന ദീപു (25), രോഹിത് (24), അനൂപ് (22) എന്നിവരുമാണ് മരിച്ചത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കരയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസുമായാണ് ടൂറിസ്റ്റ് ബസ് കൂട്ടിയിടിച്ചത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ സൂപ്പര്‍ ഫാസ്റ്റി പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.

10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് മഴയുണ്ടായിരുന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. തലകീഴായി മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.

ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റും , വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കൽകെയർ എമർജൻസി ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി. തൃശൂർ മെഡിക്കൽ കോളേജ്, അവറ്റിസ് ഹോസ്പിറ്റൽ, ക്രസന്റ് ഹോസ്പിറ്റൽ, പാലക്കാട് മെഡി. കോളജ്, ആലത്തൂര് താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീണ്‍ വര്‍ഗീസ് (തിരുപ്പൂര്‍), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുള്‍ റൗഫ് (പൊന്നാനി).

തൃശ്ശൂരില്‍ ചികിത്സയിലുള്ളവര്‍:

ഹരികൃഷ്ണന്‍ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിന്‍ ജോസഫ് (15), ജനീമ (15), അരുണ്‍കുമാര്‍ (38), ബ്ലെസ്സന്‍ (18), എല്‍സില്‍ (18), എല്‍സ (18).