International
ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 25 പേര്‍ മരിച്ചു
വാഹനാപകടവുമായി ബന്ധപ്പെട്ട് ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രസീലിയ| ബ്രസീലില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ വാഹനാപകടം. അപകടത്തില്‍ 25 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്. സാവോ ജോസ് ഡോ ജാക്യുപ്പെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം.
ബഹിയയുടെ വടക്കന്‍ തീരത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗ്വാരാജുബ ബീച്ചില്‍ പോയി തിരികെ യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല. വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്നാണ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വാഹനാപകടവുമായി ബന്ധപ്പെട്ട് ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.