Kerala
വിനോദ സഞ്ചാരികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി
മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്
മൂന്നാര്‍ | വിനോദ സഞ്ചാരികളുടെ കാര്‍ ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ബോഡിമെട്ട് – പൂപ്പാറ റോഡില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ കാര്‍ നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് വീണത്. യു പി രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്റി കാര്‍ അത്ഭുതകരമായാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാര്‍ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയാണ്.
അല്‍പ്പം നീങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞേനെയെന്നും നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.