National
സഞ്ചാരികളെ മാടിവിളിച്ച് ഊട്ടി; സസ്യോദ്യാനത്തില്‍ പൂക്കള്‍ വിരിഞ്ഞുതുടങ്ങി
മെയിൽ നടക്കുന്ന വസന്തോത്സവത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി 5 ലക്ഷം പൂച്ചെടികളാണ് വെച്ചു പിടിപ്പിച്ചിരിക്കുന്നത്.

ഊട്ടി | തെക്കെ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിലെ സസ്യോദ്യാനത്തില്‍ പുതുതായി നട്ടുവളര്‍ത്തിയ ചെടികളില്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങി. വര്‍ഷം തോറും ഏപ്രില്‍, മെയ് എന്നീ രണ്ടു മാസങ്ങളിലായാണ് വസന്തോത്സവങ്ങള്‍ നടക്കാര്‍. അതിന്റെ മുന്നോടിയായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മോടിപിടിപ്പിക്കുകയും പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുക പതിവാണ്.
മെയ് മാസത്തില്‍ നടക്കുന്ന വസന്തോത്സവത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഉദ്യാനത്തില്‍ ഡാലിയ, പെക്കൊ, ഫാന്‍സി, ഇന്‍കാ മേരി ഗാള്‍ഡ്, പിക്കോണിയ, സാല്‍വിയ, പ്രമീള, ഫ്രഞ്ച് മേരി ഗോള്‍ഡ് തുടങ്ങി 5 ലക്ഷം പൂച്ചെടികളാണ് വെച്ചു പിടിപ്പിച്ചിരിക്കുന്നത്.
ഇതിനു പുറമെ ജനുവരി മാസം മുതല്‍ 30,000 പൂത്തൊട്ടികളിലായി വിവിധ ഇനങ്ങളില്‍പ്പെട്ട പൂച്ചെടികളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ പൂന്തോട്ടം, ജപ്പാന്‍ പൂന്തോട്ടം, ഫേണ്‍ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ പാത്തികള്‍ നിര്‍മ്മിച്ചു അതില്‍ വെച്ചുപിടിപ്പിച്ച പൂച്ചെടികള്‍ പാതയോരങ്ങളിലും നിരനിരയായി അടുക്കിവെച്ചിട്ടുണ്ട്. പുല്‍മൈതാനം മോടികൂട്ടുന്നതിനാല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം വിലക്കിരിക്കുയാണ്.
പൂന്തോട്ടത്തിലെ കണ്ണാടി മാളിക, തടാകം, ഇരിപ്പിടങ്ങള്‍, പഴയകാലത്തെ പീരങ്കികള്‍ എന്നിവയുടെ മിനുക്കുപണികളും നടന്നുവരുന്നു. അതേസമയം, പൂന്തോട്ട ജിവനക്കാരുടെ ഒരു മാസം നീണ്ടുനിന്ന സമരം പൂന്തോട്ടത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.