Articles
പുതുയുഗപ്പിറവിയിലേക്ക്
കേവലവും സാമ്പ്രദായികവുമായ സംഘടനാ ദൗത്യങ്ങള്‍ക്കപ്പുറം സാമൂഹിക മാറ്റങ്ങളും പുതിയ ഉത്ഥാന സംരംഭങ്ങളും ചേര്‍ന്ന് ഉള്ളടക്കമുള്ള ഒരു കര്‍മ രേഖ കേരള മുസ്‌ലിം ജമാഅത്ത് മുന്നോട്ട് വെക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ പൊതുവെയും ഉണ്ടാക്കിയെടുക്കേണ്ട മാറ്റങ്ങളാണ് ഈ അജന്‍ഡയുടെ കാതല്‍. ഇത് വൈകി ഉദിച്ച തിരിച്ചറിവിന്റെ വെപ്രാളമല്ല, നേരത്തേ ആരംഭിച്ച മുന്നേറ്റ പരിശ്രമങ്ങളുടെ നവീനമായ ആവിഷ്‌കാരമാണ്.
![](https://assets.sirajlive.com/2025/02/kmjk-897x538.jpg)
ഉള്ളടക്കമുള്ള ഒരു കര്‍മപദ്ധതിയുടെ പ്രഖ്യാപനത്തിന് നാളെ കോഴിക്കോട് വേദിയാകുന്നു. മുസ്‌ലിം സമുദായത്തിന്റെ സർവതോന്മുഖമായ വളര്‍ച്ചക്ക് ദിശ നിര്‍ണയിച്ചു നല്‍കുന്നതായിരിക്കും ഈ പ്രഖ്യാപനങ്ങള്‍. പിന്നാക്കാവസ്ഥ സ്ഥായീഭാവമായി കൊണ്ടുനടക്കുന്നതായിരുന്നു ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിയോഗം. രാഷ്ട്ര നിര്‍മാണത്തിലും സ്വാതന്ത്ര്യലബ്ധിയിലും മുഖ്യ പങ്കുവഹിച്ച ഒരു ജനവിഭാഗം ദുസ്സഹമായ പിന്നാക്കാവസ്ഥയില്‍ തളച്ചിടപ്പെട്ടതെന്തുകൊണ്ട് എന്ന അന്വേഷണത്തിന് ഇനി സമയമില്ല. സഹോദര ജനവിഭാഗങ്ങള്‍ ഏറെ മുന്നില്‍ പോയിരിക്കുന്നു. നമുക്ക് മുന്നോട്ട് പോകണം. അത് രാജ്യതാത്പര്യത്തിന്റെ കൂടി ഭാഗമാണ്.
2006ല്‍ ഇന്ത്യന്‍ സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ നിരീക്ഷണപ്രകാരം രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ മിക്ക മാനവിക വികസന സൂചികയിലും ഏറെ പിന്നാക്കമെന്ന് കാണുന്നു. ഭൗര്‍ഭാഗ്യകരമായ ഈ പിന്നാക്കാവസ്ഥയില്‍ ഒരു വലിയ ജനവിഭാഗം ഏറെക്കാലം തുടര്‍ന്ന് പോകുന്നത് രാജ്യത്തിന്റെ സമതുലിതമായ വളര്‍ച്ചയെ ബാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഈ സാഹചര്യത്തിലാണ് ഉമ്മത്തിന്റെ നിര്‍മിതി ലക്ഷ്യം വെച്ചുള്ള ഒരു കര്‍മപദ്ധതിക്ക് കേരള മുസ്‌ലിം ജമാഅത്ത് രൂപം നല്‍കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ സമയബന്ധിതമായും മുന്‍ഗണനാ ക്രമത്തിലും അത് നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിന്റെ വിളംബരം കൂടിയായിരിക്കും കോഴിക്കോട് നടക്കുന്ന സമ്മേളനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ തലവാചകങ്ങളില്‍ ഊന്നുന്നവയാണ് ഈ കര്‍മപദ്ധതി. സഹോദര സമുദായങ്ങളെ മറികടക്കാനല്ല, അവരോടൊപ്പമെത്താനും ഇതര പിന്നാക്ക ജനവിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. മത്സരത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. രാജ്യതാത്പര്യത്തിനായി നമുക്ക് ഒരുമിച്ചു വളരുകയും ജയിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് വിചാരിക്കുന്നു. ഒരു പുതുയുഗപ്പിറവി നാം അര്‍ഹിക്കുന്നു.
ശരിയാണ്. സമുദായം തനത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. നവോത്ഥാന പരിശ്രമങ്ങളെന്ന പേരില്‍ പ്രചരിപ്പിച്ചു വന്ന കൗതുകങ്ങളില്‍ സമുദായം അഭിരമിച്ചു പോയതായിരുന്നു കാരണം. മതരാഷ്ട്രവാദവും സലഫി ധാരയുടെ തീവ്രവാദാശയങ്ങളും സമുദായത്തെ ഒട്ടൊന്നുമല്ല പിന്നാക്കം തള്ളിയത്. സമുദായ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഈ കപട നവോത്ഥാനത്തിന് പിന്തുണ ലഭിച്ചതോടെ പണ്ഡിത നേതൃത്വം പ്രതിരോധത്തിലാകുന്ന സ്ഥിതിയായി. 1989ല്‍ സുന്നി ഉലമ ധീരമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. സ്വാതന്ത്ര്യപ്രാപ്തിയുടെ ഓര്‍മകള്‍ തിങ്ങുന്ന സമ്മേളനം കൂടിയായിരിക്കും നാളെ കോഴിക്കോട് നടക്കുക. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തിങ്കളാഴ്ച മാതൃഭൂമി ദിനപത്രത്തിന്റെ മുന്‍ പേജില്‍ ഏറ്റവും മുകളില്‍ ചിത്രത്തോടൊപ്പം എട്ട് കോളത്തില്‍ നിറഞ്ഞ് നിന്ന ഒരു വാര്‍ത്ത ഇപ്പോള്‍ വായിക്കുന്നത് കൗതുകകരമായിരിക്കും. ലക്ഷങ്ങള്‍ പങ്കെടുത്ത സുന്നി സംഗമം എന്നായിരുന്നു തലവാചകം. “കൊച്ചി: വിശുദ്ധിയുടെ പ്രതീകമായ തൂവെള്ള തലപ്പാവും ശുഭ്രവസ്ത്രവുമണിഞ്ഞ യുവ ലക്ഷങ്ങള്‍, സുന്നി പ്രസ്ഥാനത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ ഞായറാഴ്ച കൊച്ചി നഗരത്തെ അക്ഷരാര്‍ഥത്തില്‍ വിസ്മയിപ്പിച്ചു – ഇ കെ ഹസന്‍ മുസ്‌ലിയാര്‍ നഗറില്‍ നടന്ന സുന്നി സംഗമം, സമസ്ത കേരള സുന്നി യുവജന സംഘത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആരൊക്കെ എങ്ങനെയൊക്കെ വിലക്കിയാലും സുന്നത്ത് ജമാഅത്തിന്റെ കാവല്‍ ഭടനായ എ പി ഉസ്താദിന്റെ പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ തയ്യാറാണെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ച ഈ സമ്മേളനം എതിരാളികള്‍ക്കേറ്റ കനത്ത പ്രഹരം തന്നെയാണ്’ ( ജനു: 23 .1989). സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുപ്പത്തിയാറാമത്തെ വര്‍ഷം ആദര്‍ശ പ്രസ്ഥാനത്തിന്റെ ചുണയുള്ള മുന്നേറ്റങ്ങള്‍ക്ക് ഉയിര് പകര്‍ന്ന പതിനായിരങ്ങളാണ് നാളെ കടപ്പുറത്ത് സമ്മേളിക്കുന്നത്. ഓര്‍ത്ത് നോക്കണം. നാം പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ കുടഞ്ഞെറിഞ്ഞ ആ കാലം. പോരാട്ട പാതയില്‍ ചോര ചിന്തിയ നാളുകള്‍. അടി കൊണ്ടും ഏറേറ്റും പ്രസ്ഥാനം പ്രബോധന വീഥിയില്‍ നിറഞ്ഞ് നിന്ന കാലം. ആ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന കര്‍മയോദ്ധാക്കള്‍ നാളെ കോഴിക്കോട്ടേക്കൊഴുകും. നിശ്ചയദാര്‍ഢ്യത്തിന്റെ ധീരസാക്ഷ്യങ്ങളെ കടപ്പുറത്തൊരുക്കിയ മഹാനഗരി മാറോടണച്ച് സ്വീകരിക്കും. കൈവിലങ്ങുകളില്ലാതെ, കാലുകളില്‍ ചങ്ങലകളില്ലാതെ നിവര്‍ന്ന് നടന്നും ശിരസ്സുയര്‍ത്തിയും നിങ്ങള്‍ നാളെ കോഴിക്കോട്ടേക്കൊഴുകുക. ഒരു നൂറ്റാണ്ടിന്റെ ചരിത്ര ബലത്തില്‍ സാഭിമാനം നിവര്‍ന്ന് നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിങ്ങളെ വരവേല്‍ക്കുന്നു. എഴുപതാണ്ട് പിന്നിട്ട യുവജന പ്രസ്ഥാനവും അമ്പതാണ്ട് പിന്നിട്ട വിദ്യാര്‍ഥി പ്രസ്ഥാനവും നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. കര്‍മ സമ്പന്നമായ ഒരു പതിറ്റാണ്ടിന്റെ നിറവില്‍ കേരള മുസ്‌ലിം ജമാഅത്ത് നിങ്ങള്‍ക്ക് കരുത്തിന്റെ കരങ്ങള്‍ പകരുന്നു. ചരിത്ര സാക്ഷ്യങ്ങള്‍ക്ക് സ്വാഗതം.
നാം ശത്രുക്കളെ തോല്‍പ്പിച്ചിരിക്കുന്നു. അധികാര ബലത്തില്‍ നടന്ന അധിനിവേശ ശ്രമങ്ങളെ തുരത്തിയിരിക്കുന്നു. വ്യാജ തൗഹീദ് വാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. നൂറ്റാണ്ട് നീണ്ട ജീര്‍ണതയില്‍ ദ്രവിച്ച് പോയവര്‍ പരസ്പരം മതഭ്രഷ്ട് ആരോപിച്ച് കഴിയുന്നു. മുഖത്ത് നോക്കി തൗഹീദ് പരതുന്നു. സമുദായത്തെ തീവ്രവാദത്തിലേക്കും മതരാഷ്ട്ര വാദത്തിലേക്കും നയിക്കാനൊരുമ്പട്ടവരെ നാം ചെറുത്തു. ഇനി അവര്‍ തല പൊക്കരുത്. വേദികള്‍ പലതാകാം. നമുക്ക് ഒന്നായി നിന്ന് പൊരുതണം. ആ പോരാട്ടത്തിന്റെ ധീരമായ പ്രഖ്യാപനം കൂടിയായിരിക്കും കോഴിക്കോട് സമ്മേളനം.
അവര്‍ സമുദായത്തിന്റെ അജന്‍ഡകള്‍ അട്ടിമറിക്കുകയായിരുന്നു. ശ്മശാന വിപ്ലവത്തിലും മതരാഷ്ട്ര സ്വപ്‌നങ്ങളിലും മുസ്‌ലിം യൗവനത്തെ തളച്ചിട്ടവര്‍ സമുദായത്തെ അധികാരസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും വിലക്കി. സ്‌കൂളുകളില്‍ നിന്ന് പടിയിറക്കി. സമുദായത്തെ പരാജയത്തിന്റെ പാതാളത്തില്‍ തള്ളിയിട്ടവര്‍ ഇപ്പോള്‍ സമുദായത്തിലേക്ക് സകാത് തെണ്ടാനിറങ്ങുന്നു. ഇവര്‍ തുറന്നു കാട്ടപ്പെടുകയാണ് നാളെ കോഴിക്കോട്. ചാനലും പത്രവും സമുദായത്തിന്റെ സകാത് കൊണ്ട് വേണ്ട. ജമാഅത്തെ ഇസ്‌ലാമിയെ നിലം തൊടാനനുവദിക്കില്ല. കട്ടായം. നവലിബറല്‍ വാദങ്ങളും സാക്ഷാല്‍ യുക്തിവാദവും പ്രഭവകേന്ദ്രമായി സ്വീകരിക്കുന്നത് മത യുക്തിവാദത്തെയാണ്. വഹാബിസവും മൗദൂദിസവുമായിരുന്നു മത യുക്തിവാദത്തിന്റെ പ്രണയിതാക്കള്‍. ഇവ വേരോടെ പിഴുതെറിയപ്പെടേണ്ടത് സമുദായ പുരോഗതിക്ക് അനിവാര്യമാണ്. അനാവശ്യമായ അജന്‍ഡകളില്‍ മുസ്‌ലിം സമുദായത്തെ തളച്ചിടാന്‍ ശ്രമിക്കുന്ന എല്ലാ ദുഷ്ടശക്തികളും തുറന്ന് കാട്ടപ്പെടണം. അവര്‍ മേലില്‍ സമുദായത്തിന് പാര പണിയരുത്.
കേവലവും സാമ്പ്രദായികവുമായ സംഘടനാ ദൗത്യങ്ങള്‍ക്കപ്പുറം സാമൂഹിക മാറ്റങ്ങളും പുതിയ ഉത്ഥാന സംരംഭങ്ങളും ചേര്‍ന്ന് ഉള്ളടക്കമുള്ള ഒരു കര്‍മ രേഖ മുസ്‌ലിം ജമാഅത്ത് മുന്നോട്ട് വെക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ചും ഇന്ത്യയില്‍ പൊതുവെയും ഉണ്ടാക്കിയെടുക്കേണ്ട മാറ്റങ്ങളാണ് ഈ അജന്‍ഡയുടെ കാതല്‍. ഇത് വൈകി ഉദിച്ച തിരിച്ചറിവിന്റെ വെപ്രാളമല്ല, നേരത്തെ ആരംഭിച്ച മുന്നേറ്റ പരിശ്രമങ്ങളുടെ നവീനമായ ആവിഷ്‌കാരമാണ്. ദര്‍ശനപരവും കര്‍മപരവുമായ തനത് അസ്തിത്വം നിലനിര്‍ത്തിയും സാംസ്‌കാരിക അധിനിവേശങ്ങളെ ചെറുത്തും സമുദായത്തെ നാനാ തരത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന നിര്‍ദിഷ്ട കര്‍മപദ്ധതി, കേവലം സാമുദായിക പരിവര്‍ത്തനമല്ല, സാമൂഹിക മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്. സമസ്ത സെന്റിനറിയില്‍ 2025ല്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ സവിശേഷമായ കര്‍മ പദ്ധതികള്‍ക്ക് സമാരംഭം കുറിക്കുന്നു. വരാനിരിക്കുന്നത് കര്‍മനൈരന്തര്യത്തിന്റെ പുതുകാലം. പുതുയുഗപ്പിറവിയുടെ പ്രഖ്യാപന സമ്മേളനത്തിലേക്ക്, കര്‍മയോദ്ധാക്കള്‍ക്ക് സ്വാഗതം.