First Gear
ഹൈഡ്രജന്‍ ഹൈലക്‌സുമായി ടൊയോട്ട; റേഞ്ച് 587 കി.മീ
ഈ വര്‍ഷം അവസാനത്തോടെ ഒമ്പത് ഹൈഡ്രജന്‍ ഹൈലക്സുകള്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ന്യൂഡല്‍ഹി| ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഹൈലക്സ് പിക് അപ് ട്രക്ക് ബ്രിട്ടനില്‍ അവതരിപ്പിച്ച് ടൊയോട്ട. ഏകദേശം ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് കമ്പനി ഈ വാഹനം വികസിപ്പിച്ചത്. ഈ വാഹനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലുള്ള അഡ്വാന്‍സ്ഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ പുറത്തുവന്ന ഹൈഡ്രജന്‍ ഹൈലക്സ് പ്രോട്ടോടൈപാണെന്ന് ടൊയോട്ട വ്യക്തമാക്കി. ടൊയോട്ടയുടെ ബ്രിട്ടനിലെ ഡര്‍ബിയിലുള്ള ബോണ്‍സ്റ്റോണ്‍ കാര്‍ പ്ലാന്റിലാണ് ഹൈഡ്രജന്‍ ഹൈലക്സ് പിക് അപ് ട്രക്കിനെ അവതരിപ്പിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ ഒമ്പത് ഹൈഡ്രജന്‍ ഹൈലക്സുകള്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. ടൊയോട്ട മിറായിലെ പവര്‍ട്രെയിനാണ് ഹൈലക്സിലും ടൊയോട്ട ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണ് മിറായ്. ഈ വാഹനം പത്തു വര്‍ഷത്തോളമായി ടൊയോട്ട പുറത്തിറക്കിയിട്ട്. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ വാഹനത്തില്‍ നിന്നും വെള്ളം മാത്രമാണ് പുറത്തുവരിക.
മൂന്ന് ഹൈ പ്രഷര്‍ ഫ്യുവല്‍ ടാങ്കുകളാണ് ഹൈലക്സിലുള്ളത്. 587 കിലോമീറ്റര്‍ റേഞ്ചാണ് ഹൈലക്സിനുള്ളത്. 2.8 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഹൈലക്സിലുള്ളത്. 201 ബിഎച്ച്പി കരുത്ത് പുറത്തെടുക്കുന്ന എഞ്ചിനാണിത്. സ്റ്റാന്‍ഡേഡ്, ഹൈ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ഇന്ത്യയില്‍ ഹൈലക്സ് ലഭ്യമായിട്ടുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഹൈ വേരിയന്റില്‍ മാത്രമാണുള്ളത്. 30.40 ലക്ഷം മുതല്‍ 37.90 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹൈലക്സിന്റെ വില.