Connect with us

Kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് കെ സി വേണുഗോപാല്‍

തീരുമാനം കേരളം ഒന്നടങ്കം എതിര്‍ക്കും. ടിപി കേസ് മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Published

|

Last Updated

ആലപ്പുഴ| ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഈ തീരുമാനം കേരളം ഒന്നടങ്കം എതിര്‍ക്കും. ടിപി കേസ് മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടത്തുകയാണ് സര്‍ക്കാര്‍. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ് ഇവര്‍. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ശിക്ഷായിളവിന് മുന്നോടിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടി.

സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സര്‍ക്കാര്‍ പുല്ലു വില കല്‍പ്പിക്കുകയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതികള്‍ സര്‍ക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

 

 

Latest