Connect with us

tp chandrasekharan case

ടി പി ചന്ദ്രശേഖരന്‍ വധം: വിവിധ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

പരിഗണിക്കുന്നത് മൂന്ന് അപ്പീലുകള്‍

Published

|

Last Updated

കൊച്ചി | ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിവിധ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെ കെ രമ എം എല്‍ എ നല്‍കിയ ഹരജിയിലുമാണു വിധിവരാനുള്ളത്. പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സര്‍ക്കാര്‍ അപ്പീലിലും ഇന്നു വിധിയുണ്ടാവും.

പലരെയും കേസില്‍ പ്രതി ചേര്‍ത്തത് വ്യാജ തെളിവുകളുണ്ടാക്കിയാണെന്നും എത്ര പ്രതികളുണ്ടെന്ന് എഫ് ഐ ആറില്‍ കൃത്യമായി പറയുന്നില്ലെന്നും ആയിരുന്നു പ്രതികളുടെ വാദം. കൊലപാതകത്തിനു പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണു കെ കെ രമ വാദിച്ചത്. പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്തു പരമാവധി ശിക്ഷ വിധിക്കണം എന്ന ആവശ്യവുമായാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

സി പി എം വിട്ട് ആര്‍ എം പി രൂപീകരിച്ച ടി പി ചന്ദ്രശേഖരനെ വടകരക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിന് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014ല്‍ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി പി എം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

 

Latest