Connect with us

Kerala

ടി പി വധം: പ്രതികളുടെ ശിക്ഷ ഉയർത്തി; ആർക്കും വധശിക്ഷയില്ല; ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 11-ാം പ്രതിക്കും ഇളവില്ലാതെ 20 വർഷം ജീവപര്യന്തം

പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.

Published

|

Last Updated

കൊച്ചി | ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷാ കാലയളവ് ഉയർത്തി ഹൈക്കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും ഇളവില്ലാതെ 20 വർഷം ജീവപര്യന്തം വിധിച്ചു. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ആറ് പ്രതികള്‍ക്ക് വിചാരണക്കോടതി നൽകിയ ജിവപര്യന്തം തടവ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയർത്തുകയായിരുന്നു. ശിക്ഷാ കാലയളവിൽ പ്രതികൾക്ക് പരോളോ മറ്റു ഇളവുകളോ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.

പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ടിപിയുടെ ഭാര്യ കെ.കെ.രമയ്ക്ക് 7.5 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണമെന്നും കോടതി വിധിച്ചു. നടന്നത് ക്രൂരമായ കൊലപാതകമാണെന്നും കുറ്റകൃത്യം ജനങ്ങളിൽ ഭയമുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.