Kerala
ടി പി വധക്കേസ് പ്രതികളെ വിട്ടയക്കില്ല; ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ
ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ടി പി കേസിലെ പ്രതികള്‍ക്ക് ഇളവുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാമെന്നും ബല്‍റാം കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം| ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ടി പി കേസിലെ പ്രതികള്‍ക്ക് ഇളവുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാമെന്നും ബല്‍റാം കുമാര്‍ പറഞ്ഞു. അന്വേഷണം നടത്തി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും ജയില്‍ മേധാവി അറിയിച്ചു.
ടി പി വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ നീക്കം നടന്നിരുന്നു. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ് ഇവര്‍. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ശിക്ഷായിളവിന് മുന്നോടിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് റിപ്പോര്‍ട്ട് തേടി.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറോടാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2022ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാല്‍ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂണ്‍ 13ന് അയച്ചിരിക്കുന്ന കത്തില്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സര്‍ക്കാര്‍ പുല്ലു വില കല്‍പ്പിക്കുകയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതികള്‍ സര്‍ക്കാരിന് എത്രത്തോളം പ്രിയപ്പെട്ടവരെന്ന് തെളിയിക്കുന്നതാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ തീരുമാനം കേരളം ഒന്നടങ്കം എതിര്‍ക്കും. ടിപി കേസ് മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തിനോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വിചിത്രമായ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നീക്കം ശക്തമായി എതിര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.