Connect with us

Kerala

ടി പി വധക്കേസ്; ശിക്ഷാ ഇളവിന് ശിപാര്‍ശ ചെയ്യുന്ന കത്ത് പുറത്തായതില്‍ അന്വേഷണത്തിന് ഉത്തരവ്

പോലീസിനോടും ജയില്‍ വകുപ്പിനോടും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശിപാര്‍ശ ചെയ്തുള്ള കത്ത് പുറത്തായതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. പോലീസിനോടും ജയില്‍ വകുപ്പിനോടും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജയില്‍ വകുപ്പ് ഡി ഐ ജിയും കണ്ണൂര്‍ ഡി ഐ ജിയുമാണ് അന്വേഷണം നടത്തുക.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ അണ്ണന്‍ സിജിത്, ടി കെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്ന കത്താണ് പുറത്തായത്. കണ്ണൂര്‍ തൂവക്കുന്ന് സ്വദേശിയും കടുങ്ങോന്‍പയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ട്രൗസര്‍ മനോജിനെയും ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയില്‍ പെട്ടയാളാണ് ട്രൗസര്‍ മനോജ്.

കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പ്രത്യേക ഇളവ് നല്‍കി പ്രതികളെ വിട്ടയക്കുന്നതിന്റെ ഭാഗമായി പോലീസ് വെരിഫിക്കേഷന്‍ റിപോര്‍ട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂണ്‍ 13 നാണ് റിപോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയത്.

 

Latest