Kerala
ടി പി വധക്കേസ്; പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനെന്ന് കെ കെ രമ
പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും രമ പറഞ്ഞു
തിരുവനന്തപുരം | ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം വിവാദമായതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന് കെ കെ രമ എംഎല്‍എ. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും രമ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നിയമസഭയില്‍ വരുന്നതിനു മുന്‍പേയാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം, സഭയില്‍ പിന്നീട് സബ്മിഷന്‍ ഉന്നയിക്കവെ പ്രതിപക്ഷ നേതാവ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ശിക്ഷാ ഇളവിന് 2022 മുതല്‍ ഗൂഢാലോചന നടന്നതായി അദ്ദേഹം ആരോപിച്ചു. പരോള്‍ വ്യവസ്ഥ ലംഘിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സഭയില്‍ മറുപടി നല്‍കിയ മന്ത്രി എംബി രാജേഷ് തള്ളി. ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്നും ഇത് സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.