Connect with us

Kerala

ടി പി വധക്കേസ്: കോടതി വിധി സ്വാഗതം ചെയ്ത് കെ കെ രമ

'പ്രതികളുടെ ശിക്ഷാ കാലയളവ്‌ ഉയര്‍ത്തിയത്‌ സ്വാഗതാര്‍ഹം. എല്ലാ പ്രതികളും നിയമത്തിനു മുന്നില്‍ വന്നിട്ടില്ല. അവരെയും നിയമം മുമ്പാകെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയെ സമീപിക്കും.'

Published

|

Last Updated

കൊച്ചി | ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധിയെ സ്വാഗതം ചെയ്ത് കെ കെ രമ. പ്രതികളുടെ ശിക്ഷാ കാലാവധി ഉയര്‍ത്തിയത്‌ സ്വാഗതാര്‍ഹമാണെന്ന് രമ പറഞ്ഞു. എല്ലാ പ്രതികളും നിയമത്തിനു മുന്നില്‍ വന്നിട്ടില്ല. അവരെയും നിയമം മുമ്പാകെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു. നീതി നടപ്പിലായിക്കിട്ടുന്നതിന് കൂടെ നിന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും വിധി പുറത്തുവന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ രമ പറഞ്ഞു.

കേസില്‍ പ്രതികളുടെ ശിക്ഷാ കാലയളവ് ഉയര്‍ത്തിക്കൊണ്ടുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളെയും 11-ാം പ്രതിയെയും ഇളവില്ലാതെ 20 വര്‍ഷം ജീവപര്യന്തത്തിന് ശിക്ഷിച്ചു.ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്.

എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കെ ഷിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ആറ് പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. ശിക്ഷാ കാലയളവില്‍ പ്രതികള്‍ക്ക് പരോളോ മറ്റു ഇളവുകളോ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

പുതുതായി കൊലപാതക ഗൂഢാലോചനയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണന്‍, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബഞ്ചിന്റെതാണ് വിധി.

ടി പിയുടെ ഭാര്യ കെ കെ രമക്ക് ഏഴ് ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നല്‍കണമെന്നും കോടതി വിധിച്ചു. നടന്നത് ക്രൂരമായ കൊലപാതകമാണെന്നും കുറ്റകൃത്യം ജനങ്ങളില്‍ ഭയമുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.