Connect with us

Kerala

ടി പി വധക്കേസ്: കീഴടങ്ങിയ പ്രതികളില്‍ ഒരാളെ ജയിലിലേക്കും മറ്റേയാളെ മെഡിക്കല്‍ കോളേജിലേക്കും മാറ്റി

വൃക്കരോഗിയായ ജ്യോതിബാബു ആംബുലന്‍സിലാണ് കോടതിയില്‍ ഹാജരായത്.

Published

|

Last Updated

കോഴിക്കോട് | ടി പി വധക്കേസില്‍ കീഴടങ്ങിയ പ്രതികളെ കോടതി റിമാന്‍ഡ്  ചെയ്തു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്കാണ് കെ കെ കൃഷ്ണനും ജ്യോതിബാബുവും മാറാട് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കെ കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും ജ്യോതിബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

വൃക്കരോഗിയായ ജ്യോതിബാബു ആംബുലന്‍സിലാണ് കോടതിയില്‍ ഹാജരായത്. ഇയാളെ വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വിചാരണ കോടതി വെറുതെ വിട്ടവര്‍ക്കെതിരെ കെ കെ രമ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിതമായാണ് ഇരുവരും ഇന്ന് കോടതിയില്‍ കീഴടങ്ങിയത്. സി പി എം മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമാണ് കെ കെ കൃഷ്ണന്‍. ജ്യോതിബാബു കുന്നോത്തുപറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

2012 മെയ് നാലിനാണ് ആര്‍ എം പി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ വിധി വന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വെറുതെ വിട്ട ക കെ കൃഷ്ണനും ജ്യോതിബാബുവിനും കുരുക്ക് വീണത്.

Latest