Connect with us

Kerala

ടി പി വധക്കേസ്: രണ്ട് പ്രതികൾ വിചാരണ കോടതിയിൽ കീഴടങ്ങി

തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് കോടതിയിൽ കൊണ്ടുവന്നത്.

Published

|

Last Updated

കോഴിക്കോട് | ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിപിഎം പ്രവർത്തകൾ കോടതിയിൽ കീഴടങ്ങി. കേസിലെ 12-ാം പ്രതിയും സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ജ്യോതി ബാബു, കേസിലെ പത്താം പ്രതി സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണൻ എന്നിവരാണ് കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങൽ.

തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് കോടതിയിൽ കൊണ്ടുവന്നത്. രണ്ട് പ്രതികളെയും ജില്ലാ ജയിലിലേക്ക് മാറ്റാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും വിചാരണ കോടതി പോലീസിന് നിർദേശം നൽകി.

ടി.പി ചന്ദ്രശേഖരൻ വധത്തിലും ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴ് പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ഹൈക്കോടതി നടപടി.

കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് ഹൈക്കോടതി വാദം കേൾക്കും.