International
വ്യാപാര യുദ്ധം; യു എസ് ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈന
15 അമേരിക്കന്‍ കമ്പനികളെ ചൈനീസ് ഭരണകൂടം വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു.

ബീജിങ്|വ്യാപാര യുദ്ധത്തില്‍ അമേരിക്കയോട് ഏറ്റുമുട്ടാന്‍ തയാറായി ചൈന. മാര്‍ച്ച് 10 മുതല്‍ യു എസില്‍നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അധിക തീരുവ 20 ശതമാനമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ചൈനയും രംഗത്തെത്തിയത്.
കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പടെയുള്ളവയ്ക്കാണ് ഇറക്കുമതി തീരുവ ഉണ്ടാകുക. യു എസില്‍ നിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനവും സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, സമുദ്ര വിഭവങ്ങള്‍, പഴം, പച്ചക്കറി, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനവുമാണ് തീരുവ ഈടാക്കുക.
അതിനിടെ 15 അമേരിക്കന്‍ കമ്പനികളെ ചൈനീസ് ഭരണകൂടം വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതോടെ ഈ സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. പുതിയ നിക്ഷേപം നടത്തുന്നതിനും തടസ്സമുണ്ടാകും. പ്രതിരോധ കമ്പനികളാണ് ഇതിലേറെയും. പ്രതിരോധ കരാറുകാരായ ജനറല്‍ ഡൈനാമിക്സ് ലാന്‍ഡ് സിസ്റ്റംസ്, സ്‌കൈഡിയോ ഇന്‍കോര്‍പറേറ്റഡ് എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചൈനയില്‍ സന്ദര്‍ശനം നടത്തുന്നതിനും താമസിക്കുന്നതിനുമുള്ള അനുമതികളും റദ്ദാക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.