Connect with us

International

വ്യാപാര യുദ്ധം കടുത്തു; അമേരിക്കയിൽ ഇവയ്‌ക്ക്‌ വിലകൂടും

തന്‍റെ പുതിയ താരിഫ്‌ ഭേദഗതികൾ "ചില വേദനയ്ക്ക്" കാരണമാകുമെന്ന് ട്രംപ് ഞായറാഴ്ച സമ്മതിച്ചെങ്കിലും, അവ അമേരിക്കക്കാർക്ക് വില ഗണ്യമായി വർദ്ധിപ്പിക്കില്ലെന്നും വിദേശ രാജ്യങ്ങൾക്ക്‌ തിരിച്ചടിയാകുമെന്നുമാണ്‌ വാദം. എന്നാൽ വ്യാപാര ഡാറ്റയും സാമ്പത്തിക പഠനങ്ങളും സൂചിപ്പിക്കുന്നത് അതല്ല

Published

|

Last Updated

ന്യൂയോർക്ക്‌ | യുഎസ്‌ പ്രസിഡന്‍റ്‌ ട്രംപ്‌ തുടങ്ങിവച്ച വ്യാപാരയുദ്ധം അമേരിക്കയ്‌ക്കും തിരിച്ചടിയാകുന്നു. അയൽരാജ്യങ്ങളായ മെക്‌സിക്കോ, കാനഡ എന്നിവർക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനുപിന്നാലെ ചൈനയ്‌ക്കും 10 ശതമാനം നികുതി ട്രംപ്‌ ചുമത്തിയിരുന്നു. ഇത്‌ അമേരിക്കയിലെ ജനങ്ങളെയും ബാധിക്കും. പലചരക്ക് സാധനങ്ങൾ, കാർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക്‌ വില കൂടുമെന്ന്‌ ഉറപ്പായി.

ചൊവ്വാഴ്ച പുലർച്ചെ 12 മുതൽ ഉയർന്ന താരിഫ്‌ പരിഷ്‌കാരം നിലവിൽവരും. ട്രംപിന്‍റെ ഉത്തരവുകൾ പ്രകാരം കനേഡിയൻ ഊർജ്ജ ഉൽപ്പന്നങ്ങൾ ഒഴികെ, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും 25 ശതമാനം താരിഫ് ബാധകമാകും.

തന്‍റെ പുതിയ താരിഫ്‌ ഭേദഗതികൾ “ചില വേദനയ്ക്ക്” കാരണമാകുമെന്ന് ട്രംപ് ഞായറാഴ്ച സമ്മതിച്ചെങ്കിലും, അവ അമേരിക്കക്കാർക്ക് വില ഗണ്യമായി വർദ്ധിപ്പിക്കില്ലെന്നും വിദേശ രാജ്യങ്ങൾക്ക്‌ തിരിച്ചടിയാകുമെന്നുമാണ്‌ വാദം. എന്നാൽ വ്യാപാര ഡാറ്റയും സാമ്പത്തിക പഠനങ്ങളും സൂചിപ്പിക്കുന്നത് പച്ചക്കറികൾ, മാംസം, സെൽഫോണുകൾ, കാറുകൾ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളുടെ വില വൻതോതിൽ ഉയരുമെന്നാണ്‌.

ആദ്യം പലചരക്കുസാധനങ്ങളെയാകും വിലവർധന ബാധിക്കുക. മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പുതിയ ഉൽപ്പന്നങ്ങൾക്ക്‌ രണ്ടാഴ്‌ചയ്‌ക്കകം വിലവർധനയുണ്ടാകും. അവോക്കാഡോ, തക്കാളി, സ്ട്രോബെറി എന്നിവയുൾപ്പെടെ മെക്‌സിക്കോയിൽനിന്നാണ്‌ അമേരിക്കയിൽ എത്തുന്നത്‌. മദ്യത്തിനും വില ഉയർന്നേക്കും. പ്രത്യേകിച്ച് ബിയർ, ടെക്വില എന്നിവയ്‌ക്ക്‌. 2023 ൽ, മെക്സിക്കോയിൽ നിന്നുള്ള യുഎസ് കാർഷിക ഇറക്കുമതിയുടെ മുക്കാൽ ഭാഗവും പച്ചക്കറികൾ, പഴങ്ങൾ, പാനീയങ്ങൾ, വാറ്റിയെടുത്ത മദ്യം എന്നിവയാണ്‌.

കാനഡയിൽ നിന്ന് മാംസവും ധാന്യങ്ങളും ഉൾപ്പെടെ നിരവധി കാർഷിക ഉൽപ്പന്നങ്ങളും അമേരിക്ക ഇറക്കുമതി ചെയ്യുന്നു. ബീഫിന്‍റെ വില ഉയരും. മേപ്പിൾ സിറപ്പും വില കൂടാൻ സാധ്യതയുണ്ട്. മേപ്പിൾ ആഗോള ഉൽപാദനത്തിന്‍റെ ഏകദേശം 70 ശതമാനവും കാനഡയിലാണ്‌. ഇതിൽ 60 ശതമാനവും അമേരിക്കയിലേക്കാണ്‌ എത്തുന്നത്‌. നിലവിൽ അമേരിക്കയിൽ വിലക്കയറ്റം നേരിടുന്ന സാഹചര്യമാണുള്ളത്‌. അതിനൊപ്പം പുതിയ താരിഫ്‌ പരിഷ്‌കാരംകൂടി ജനങ്ങൾക്ക്‌ താങ്ങാൻ ബുദ്ധിമുട്ടാകും.

Latest