Kozhikode
കച്ചവടക്കാര്‍ മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
കച്ചവട തന്ത്രങ്ങള്‍ എന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്
കോഴിക്കോട് | വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹികവും മാനുഷികവും ധാര്‍മികവുമായ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഉത്സാഹിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍ച്ചന്റ്സ് ചേംബര്‍ ഇന്റര്‍നാഷണലിന്റേയും മര്‍കസ് അലുംനിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യാപാരി സംഗമത്തില്‍ ഉദ്ബോധനം നടത്തുകയായിരുന്നു അദ്ദേഹം. കച്ചവട തന്ത്രങ്ങള്‍ എന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. എന്ത് ചെയ്തും പണമുണ്ടാക്കാം എന്ന ചിന്തയും വര്‍ധിച്ചു വരുന്നുണ്ട്. അത്തരം കച്ചവടങ്ങള്‍ക്ക് ആയുസ്സുണ്ടാവില്ലെന്നും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതോടൊപ്പം യുക്തിയോടെ വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് കാമില്‍ ഇജ്തിമയില്‍ നടന്ന സംഗമം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷ വഹിച്ചു. വിവിധ സെഷനുകളിലായി ഷിജോയ് ജെയിംസ്, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, ദീപക് ധര്‍മടം സംസാരിച്ചു. യുവസംരംഭകരായ മുജീബ് റഹ്മാന്‍, ബദ്റുദ്ദീന്‍ കൊടുവള്ളി, നിയാസ്, ശംസുദ്ദീന്‍, ജസീം കെ കെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശമീര്‍ വട്ടക്കണ്ടി എം സി എ മിഷന്‍ അവതരിപ്പിച്ചു. സ്വാദിഖ് കല്‍പ്പള്ളി, ഹസീബ് അസ്ഹരി, ഷമീം കെ കെ, മിസ്തഹ് മൂഴിക്കല്‍, ഹനീഫ് അസ്ഹരി, ശംസുദ്ദീന്‍ എളേറ്റില്‍, അക്ബര്‍ ബാദുഷ സഖാഫി, സികെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ജൗഹര്‍ കുന്ദമംഗലം, അന്‍വര്‍ ടി ടി, അത്വിയ്യത്ത് സംബന്ധിച്ചു.