International
പാരമ്പര്യമാണ് ഇസ്‌ലാമിന്റെ ആത്മാവ്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സംഗമത്തിന് ഉജ്ജ്വല സമാപ്തി
മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സമാപന സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു.
ക്വലാലംപൂര്‍ | പാരമ്പര്യമാണ് ഇസ്‌ലാമിന്റെ ആത്മാവെന്നും സാമാധാന ജീവിതവും സാമൂഹിക സുരക്ഷിതത്വവും സാധ്യമാവാന്‍ വിശ്വാസികള്‍ പാരമ്പര്യ വിശ്വാസ രീതികളെ മുറുകെ പിടിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയില്‍ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സില്‍ അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി പാരായണ സംഗമത്തിന്റെ സമാപന ചടങ്ങിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി എന്നും മഹത്തുക്കളായ ഉസ്താദുമാരുടെ അംഗീകാരവും പൊരുത്തവും മൂലമാണ് ഇത്രയും കാലം ഈ ഗ്രന്ഥം ദര്‍സ് നടത്താന്‍ സൗഭാഗ്യമുണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ 12 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സംഗമത്തിന്റെ സമാപനം പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. നബിചര്യകളും തനത് മൂല്യങ്ങളും വിളംബരം ചെയ്യാന്‍ മലേഷ്യന്‍ മതകാര്യവകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മാനവ നന്മക്കാണ് വിശുദ്ധ ഖുര്‍ആനും ഹദീസുകളും പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വഹീഹുല്‍ ബുഖാരി അധ്യാപന കാലത്തെ തന്റെ പഠനങ്ങളും ആലോചനകളും ചര്‍ച്ചകളും ആസ്പദമാക്കി വിവിധ ഗ്രന്ഥങ്ങളെയും പണ്ഡിതരെയും അവലംബിച്ച് 20 വാള്യങ്ങളിലായി ഗ്രാന്‍ഡ് മുഫ്തി രചിച്ച ‘തദ്കീറുല്‍ ഖാരി’ വ്യാഖ്യാന കൃതി പ്രധാനമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. ലോക സമാധാനത്തിനായി പ്രത്യേക പ്രാര്‍ഥനയും നടന്നു.
പരിശുദ്ധ ഖുര്‍ആനിന് ശേഷം ഏറ്റവും പ്രബല ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലൂടെ ഇസ്ലാമിക പൈതൃകവും പാരമ്പര്യവും വളര്‍ത്തിയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. മലേഷ്യ മദനി നയത്തിന് കീഴില്‍ പാരമ്പര്യ ഇസ്ലാമിന്റെ വ്യാപനത്തിനും വളര്‍ച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള മതകാര്യ വകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുത്ര മസ്ജിദില്‍ വാര്‍ഷിക ബുഖാരി സംഗമങ്ങള്‍ ആരംഭിച്ചത്.
മതപണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅല്‍ ഹിജ്റ പുരസ്‌കാരം നേടിയതിന് പിറകെ നടന്ന ആദ്യ സംഗമത്തിന് തുടക്കമിട്ടതും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി തുടര്‍ച്ചയായി ബുഖാരി ദര്‍സ് നടത്തുന്ന ആഗോള പണ്ഡിതന്‍ എന്ന നിലയിലാണ് കാന്തപുരം ഉസ്താദിനെ ഔദ്യോഗിക അതിഥിയായി മലേഷ്യന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.
സ്വഹീഹുല്‍ ബുഖാരി പൂര്‍ണമായും പാരായണം ചെയ്ത സദസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട 750 പേരാണ് മുഴുസമയ ശ്രോതാക്കളായി ഉണ്ടായിരുന്നത്. സമാപന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊതുജനങ്ങള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ പങ്കെടുത്തു. സ്വഹീഹുല്‍ ബുഖാരി ദര്‍സിന് പുറമെ ഇജാസത്ത് കൈമാറ്റവും സംഗമത്തിന്റെ ഭാഗമായിരുന്നു. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഉപ പ്രധാനമന്ത്രിമാരായ അഹ്മദ് സാഹിദ് ബിന്‍ ഹാമിദി, ഫാദില്ലാഹ് ബിന്‍ യൂസുഫ്, മലേഷ്യന്‍ മുഫ്തി ഡോ. ലുഖ്മാന്‍ ബിന്‍ അബ്ദുല്ല, വിവിധ രാജ്യങ്ങളിലെ പണ്ഡിതരായ ശൈഖ് മുഹമ്മദ് അബ്ദുല്‍ ഹുദ അല്‍ യഅ്ഖൂബി സിറിയ, അല്‍ ഹബീബ് ഉമര്‍ ജല്ലാനി മലേഷ്യ, ശൈഖ് അഫീഫുദ്ദീന്‍ ജീലാനി ബാഗ്ദാദ്, ഡോ. ജമാല്‍ ഫാറൂഖ് ഈജിപ്ത്, ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് സ്വാദിഖ് ഉസ്ബക്കിസ്ഥാന്‍, അലീ സൈനുല്‍ ആബിദീന്‍ ബിന്‍ അബൂബക്കര്‍ ഹാമിദ്, ഇന്ത്യന്‍ പ്രതിനിധികളായി ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി, പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.