Uae
പരമ്പരാഗത അധ്യാപനം മാറും; എ ഐയും യന്ത്രമനുഷ്യരും വ്യാപകമാകും: മന്ത്രി ഗര്‍ഗാവി
2050 ആകുമ്പോഴേക്കും 2000 കോടിയിലധികം റോബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും.ഈ റോബോട്ടുകള്‍ വ്യവസായങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, തൊഴില്‍ വിപണികളിലും നൈപുണ്യ ആവശ്യകതകളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും.
![](https://assets.sirajlive.com/2025/02/gargavi.gif)
ദുബെെ | വിദ്യാഭ്യാസ മേഖലയില്‍ പരമ്പരാഗത അധ്യാപന രീതികള്‍ അവസാനിക്കുകയാണെന്ന് യു എ ഇ മന്ത്രിസഭാ കാര്യ മന്ത്രിയും ലോക ഭരണകൂട ഉച്ചകോടി സംഘാടക സമിതി അധ്യക്ഷനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി. ഉച്ചകോടിയിലെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 25 വര്‍ഷത്തേക്കുള്ള ധീരമായ ദര്‍ശനം വേണം.സാങ്കേതിക പുരോഗതി കണക്കിലെടുക്കണം. വിദ്യാഭ്യാസം, സാമ്പത്തിക വളര്‍ച്ച, സാമൂഹിക മൂല്യങ്ങള്‍ എന്നിവയില്‍ പരമ്പരാഗത സമീപനങ്ങളെക്കുറിച്ച് പുനര്‍ വിചിന്തനം നടത്താന്‍ ആഗോള നേതാക്കള്‍ തയ്യാറാകണം.വിദ്യാഭ്യാസം വ്യക്തിഗതമാക്കുന്ന നിര്‍മിത ബുദ്ധി അധിഷ്ഠിത പഠന മാതൃകകള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്ഥരാണ്.
എ ഐ ഒരു പരിവര്‍ത്തന ഉപകരണമായി മാറി.അവ വ്യക്തിഗതമായ പഠന അനുഭവങ്ങള്‍ സാധ്യമാക്കുന്നു.വിദ്യാഭ്യാസത്തെ കൂടുതല്‍ പ്രാപ്യമാക്കുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.ശാരീരികവും വൈജ്ഞാനികവുമായ കഴിവുകള്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഈ പുരോഗതികള്‍, ഉല്‍പ്പാദനക്ഷമത, ദീര്‍ഘായുസ്സ്, സര്‍ഗാത്മകത എന്നിവയുമായി ലയിക്കാന്‍ കഴിയുന്ന ഒരു പുതിയ യുഗത്തിലേക്ക് മനുഷ്യരെ നയിക്കും.
ഈ സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോള്‍, സമൂഹങ്ങള്‍ പുതിയ ധാര്‍മിക വെല്ലുവിളികളെ അഭിമുഖീകരിക്കും. പക്ഷേ ആഗോള പ്രശ്നങ്ങള്‍ക്ക് അഭൂതപൂര്‍വമായ പരിഹാരങ്ങളും അവര്‍ക്ക് ലഭിക്കും. ‘മനുഷ്യ നാഗരികതയുടെ ചരിത്രത്തിലെ ഒരു ഘട്ടത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഘട്ടത്തിലേക്ക് നാം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വളര്‍ച്ചയുടെ ഭൂരിഭാഗവും ഏഷ്യയിലും ആഫ്രിക്കയിലുമായിരിക്കും.ഈ ജനസംഖ്യാപരമായ വിസ്‌ഫോടനം അനിവാര്യമായും തൊഴിലവസരങ്ങളെയും ഉപഭോഗ രീതികളെയും ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കും.സുസ്ഥിര വളര്‍ച്ചാ മാതൃകകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഭാവിയില്‍ തൊഴില്‍ ശക്തി ഉറപ്പാക്കിയും യു എ ഇ ഈ വെല്ലുവിളികള്‍ക്ക് തയ്യാറെടുക്കുകയാണ്.
2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ 20 ശതമാനത്തിലധികം പേര്‍ 60 വയസ്സിനു മുകളിലുള്ളവരായിരിക്കും. ഇത് ആരോഗ്യ-സാമൂഹിക സംവിധാനങ്ങള്‍ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തും.പ്രായമായ ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച്, സര്‍ക്കാരുകള്‍ അവരുടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, പെന്‍ഷന്‍ സംവിധാനങ്ങള്‍, സാമൂഹിക സേവനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്.
2050 ആകുമ്പോഴേക്കും 2000 കോടിയിലധികം റോബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും.ഈ റോബോട്ടുകള്‍ വ്യവസായങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, തൊഴില്‍ വിപണികളിലും നൈപുണ്യ ആവശ്യകതകളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും.
റോബോട്ടിക്‌സിലും എഐയിലും യു എ ഇ നടത്തുന്ന നിക്ഷേപം ഭാവിയിലേക്ക് ജനങ്ങളെ സജ്ജമാക്കും. അതേസമയം കടുത്ത ദാരിദ്ര്യം പരിഹരിക്കുന്നതിന് ആഗോള ശ്രമങ്ങള്‍ തുടരണം. 63 കോടി ആളുകള്‍ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നു.വിശപ്പും രോഗവും ഇല്ലാതാക്കുന്നതിന്, പ്രതിവര്‍ഷം ഏകദേശം 80,000 കോടി ഡോളര്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.