Uae
അജ്മാനിലെ ഗതാഗതക്കുരുക്ക്: ഏകീകൃത റോഡ് പ്ലാൻ വികസിപ്പിക്കണം
ജനസംഖ്യാ വളർച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും വെല്ലുവിളി

അജ്മാൻ | എമിറേറ്റിലെ ഗതാഗതക്കുരുക്കിന് പ്രധാനമായി രണ്ട് വെല്ലുവിളികളാണ് നേരിടുന്നതെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി. ഒന്നാമതായി, അജ്മാനിലെ ജനസംഖ്യാ വളർച്ച. രണ്ടാമത്തെ വെല്ലുവിളിയായി എമിറേറ്റിന്റെ അതിർത്തി പ്രവേശന-നിഷ്‌ക്രമണ കവാടങ്ങളിലെ തിരക്കാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അജ്മാനിലെ റോഡ് വിപുലീകരണ പദ്ധതികൾ വളരെ വേഗത്തിലാണ് നടക്കുന്നത്. ആഗോളതലത്തിൽ വാഹനങ്ങളുടെ എണ്ണം വർഷംതോറും 2.5 മുതൽ മൂന്ന് ശതമാനം വരെ വർധിക്കുമെന്ന് കണക്കാക്കി 15-20 വർഷത്തെ പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും ഇത് മതിയാവാത്ത അവസ്ഥയാണ്. അജ്മാനിലെ റോഡുകൾ മൂന്ന് വർഷത്തിനുള്ളിൽ പരമാവധി ശേഷിയിലെത്തി. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അജ്മാനിലേക്കുള്ള കുടിയേറ്റവും ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും റോഡുകളിൽ സമ്മർദമായി വരുന്നുണ്ട്.
എമിറേറ്റിന്റെ അതിർത്തി കവാടങ്ങളിലെ തിരക്ക് പരിഹരിക്കാൻ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത റോഡ് പദ്ധതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഏകീകൃത റോഡ് പ്ലാൻ വികസിപ്പിക്കണമെന്നും എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
വരും വർഷങ്ങളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് ഉൾക്കൊള്ളാൻ വിപുലീകരണ പദ്ധതികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്മാൻ വിഷൻ 2030ന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര വളർച്ചക്കും ഊന്നൽ നൽകുന്നുണ്ട്. എമിറേറ്റുകൾ തമ്മിലുള്ള ഏകോപനവും ഫെഡറൽ തലത്തിലുള്ള ഏകീകൃത കാഴ്ചപ്പാടും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.