Kannur
കണ്ണൂര്‍ പുതിയതെരുവിലെ ഗതാഗതക്കുരുക്ക്: 31 മുതല്‍ താത്കാലിക ഗതാഗത പരിഷ്‌കാരം
കണ്ണൂരിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്നം പഠിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം ആര്‍ ടി ഒയെ നേരത്തേ തന്നെ ചുമതലപ്പെടുത്തിയിരുന്നു
കണ്ണൂര്‍ | ദേശീയപാതയില്‍ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ഈ മാസം 31 മുതല്‍ അടുത്ത മാസം നാല് വരെ അഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുമെന്ന് ജില്ലാ കലക്്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. കലക്്ടറുടെ അധ്യക്ഷതയില്‍ കെ വി സുമേഷ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ ആര്‍ ടി ഒയും പോലീസും ജനപ്രതിനിധികളും ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്.
- ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍:
കണ്ണൂര്‍ ഭാഗത്ത് നിന്ന് മയ്യില്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നേരെ വളപട്ടണം ഹൈവേ ജംഗ്ഷനില്‍ പോയി യു ടേണ്‍ എടുത്ത്, മയ്യില്‍ ഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ടതാണ്. - നിലവില്‍ വില്ലേജ് ഓഫീസിന് എതിര്‍വശത്തുള്ള, തളിപ്പറമ്പ്- പഴയങ്ങാടി- അഴീക്കല്‍ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് മാറ്റുന്നതാണ്.
- പുതിയതെരുവില്‍ നിന്ന് മയ്യില്‍ ഭാഗത്തേക്ക് നിലവില്‍ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റര്‍ താഴെ, ഡെയ്ലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലേക്ക് മാറ്റും. ഇവിടെ ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
- കണ്ണൂരില്‍ നിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ പുതിയതെരു ജംഗ്ഷന്‍ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്‌കൂള്‍, കടലായി അമ്പലം വഴി ഹൈവേയില്‍ കയറേണ്ടതാണ്.
- മയ്യില്‍ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പുതിയതെരു ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ‘യു’ടേണ്‍ എടുക്കാന്‍ പറ്റുന്ന ഭാഗത്തുനിന്ന് ‘യു’ടേണ്‍ എടുത്ത് പേകേണ്ടതാണ്.
- മയ്യില്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ കഴിയുന്നതും കൊല്ലറത്തിക്കല്‍ റോഡ് വഴി ടോള്‍ ബൂത്തിലേക്ക് കയറേണ്ടതാണ്.
പരിസര പ്രദേശത്തുള്ള ചെറുവാഹനങ്ങള്‍ കഴിയുന്നതും സൗകര്യപ്രദമായ ഉപറോഡുകള്‍ ഉപയോഗിക്കണം. - കക്കാട് നിന്ന് പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങള്‍ സ്‌റ്റൈലോ കോര്‍ണര്‍ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.
കണ്ണൂരിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്നം പഠിക്കുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം ആര്‍ ടി ഒയെ നേരത്തേ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എം എല്‍ എയുടെ നേതൃത്വത്തില്‍ പുതിയതെരു ടൗണില്‍ ആര്‍ ടി ഒ, പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തിയിരുന്നു.
ജനുവരി 27ന് ചിറക്കല്‍ പഞ്ചായത്ത് ഓഫീസില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസ് തൊഴിലാളി പ്രതിനിധികള്‍, ബസ് ഓപറേറ്റേഴ്‌സ് അസ്സോസിയേഷന്‍ പ്രതിനിധികള്‍, ബസ് ഉടമാ പ്രതിനിധികള്‍, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും തേടിയിരുന്നു.
വളപട്ടണം പാലം, പാപ്പിനിശ്ശേരി വഴി നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം വിജയം കണ്ട സാഹചര്യത്തില്‍ പുതിയതെരുവിലെ രൂക്ഷമായ ഗതാഗത ക്കുരുക്ക് കൂടി ഒഴിവാക്കിയാല്‍ മാത്രമേ ദേശീയപാതയിലെ കുരുക്ക് പൂര്‍ണമായി അഴിക്കാനാകൂവെന്നതിനാല്‍ ഈ ഗതാഗത പരിഷ്‌കാരവുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ വി സുമേഷ് എം എല്‍ എയും ജില്ലാ കലക്്ടറും അഭ്യര്‍ഥിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഗതാഗതപരിഷ്‌കാരം വിലയിരുത്തി ഇത് തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.സൂക്ഷ്മമായ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പരിഷ്‌കാരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. താത്കാലിക പരിഷ്‌കാരം നടപ്പാക്കിയ ശേഷം പൊതുജനങ്ങള്‍ക്ക് ആര്‍ ടി ഒ, പോലീസ് എന്നിവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ അവസരമുണ്ടാകും.