Uae
മറീനയിൽ വാഹനക്കുരുക്ക് കുറയും; രണ്ട് പാലങ്ങൾ തുറന്നു
മണിക്കൂറിൽ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ ക്രോസിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദുബൈ | മറീനയിൽ ആർ ടി എ രണ്ട് പാലങ്ങൾ തുറന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ ദുബൈ മറീനയുടെ തെക്ക് ഭാഗത്തുള്ള ഗർന് അൽ സബ്ഖ-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷനിൽ യാത്രാസമയം കുറയ്ക്കുന്നതിനു ഇവ ഉപകരിക്കും.
ആദ്യത്തേതിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. രണ്ടാമത്തേതിന് 664 മീറ്റർ നീളമുണ്ട്. രണ്ട് പാതകളിലും മണിക്കൂറിൽ 6,400 വാഹന ശേഷിയുണ്ട്. ഗർന് അൽ സബ്ഖാ സ്ട്രീറ്റിനെ അൽ അസാഈൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാലം അടുത്ത മാസം തുറക്കുന്നതോടെ പദ്ധതി പൂർത്തിയാകും. മണിക്കൂറിൽ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ ക്രോസിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതി പൂർത്തിയാകുമ്പോൾ, ഗർന് അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അൽ ഖിസൈസ്,ദേര എന്നിവിടങ്ങളിലേക്കുള്ള ദൂരവും യാത്രാസമയവും 40 ശതമാനം കുറയും. തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് മുതൽ 12 മിനിറ്റ് വരെ മാത്രമേ വേണ്ടി വരികയുള്ളൂ.’ ആർ ടി എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖത്തിന്റെ ദിശയിൽ വലത്തോട്ട് അൽ യലായിസ് സ്ട്രീറ്റിലേക്ക് യാത്രാസമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറക്കുകയും ചെയ്യും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സർവീസ് റോഡിലെ ഉപരിതല ഇന്റർസെക്ഷനുകളുടെ മെച്ചപ്പെടുത്തലുകൾ, കൂടാതെ തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്‌നലുകൾ, സ്റ്റോം ഡ്രെയിൻ നെറ്റ്്വർക്കുകൾ, ജലസേചന സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.