Connect with us

National

ചെന്നൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം; ഏഴു പേര്‍ അറസ്റ്റില്‍

മുഖ്യപ്രതി നാദിയ മകളുടെ സഹപാഠികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്.

Published

|

Last Updated

ചെന്നൈ ചെന്നൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയായ നാദിയയെയും കൂട്ടാളികളായ ആറു പേരെയുമാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ മുഖ്യപ്രതി നാദിയ മകളുടെ സഹപാഠികളെയാണ് പെണ്‍വാണിഭത്തിനായി ഉപയോഗിച്ചത്.

രാജ്ഭവനു നേരെയുണ്ടായ ബോംബ് ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎയില്‍ നിന്നാണ് സെക്സ് റാക്കറ്റിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പ്രതിയായ കടുക വിനോദിന്റെ കൂട്ടാളിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് നാദിയ വിനോദിന്റെ സുഹൃത്താണെന്ന് മനസ്സിലായത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു.

തുടര്‍ന്ന് സംസ്ഥാന പോലീസിനെ വിവരം അറിയിച്ചു. എസിപി രാജലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരു ലോഡ്ജില്‍ റെയ്ഡ് നടത്തുകയും നാദിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയില്‍ പിടികൂടിയ 17ഉം 18 ഉം വയസ്സുള്ള പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.

ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് നാദിയ കുട്ടികളുമായി അടുത്തത്. തുടര്‍ന്ന് കുട്ടികളുടെ സാമ്പത്തിക പരാധീനത കണക്കിലെടുക്ക് 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കുട്ടികളെ ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പ്രായമായ പുരുഷന്മാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പെണ്‍വാണിഭക്കേസില്‍ നാദിയയെ കൂടാതെ രാമചന്ദ്രന്‍, സുമതി, മായ ഒലി, ജയശ്രീ, അശോക് കുമാര്‍, രാമേന്ദ്രന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.