Connect with us

Kerala

ട്രെയിൻ തീവെപ്പ്; ദുരൂഹത ഒഴിയുന്നില്ല; പ്രതി രത്‌നഗിരിയിൽ എങ്ങനെ എത്തി?

മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടിയാണ് രത്‌നഗിരിയിലെത്തിയത്. . ഗുജറാത്തിലേക്ക് കടക്കാനായിരുന്നു ഉദ്ദേശ്യമെന്നാണ് സൂചന

Published

|

Last Updated

കോഴിക്കോട് | എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി രത്‌നഗിരിയിൽ എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. സംഭവം നടന്ന ട്രെയിനിൽ തന്നെയാണ് കണ്ണൂരിലെത്തിയത്. ഇയാൾ പിന്നീട് വിവിധ വാഹനങ്ങളിലായി മഹാരാഷ്ട്രയിലെത്തുകയുമായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപോർട്ടാണുള്ളത്. അന്വേഷണ സംഘങ്ങളുടെ കണ്ണുവെട്ടിച്ച് പ്രതി ഇത്രയും ദൂരം എങ്ങനെ പരുക്കുകളോടെ എത്തിയെന്നതാണ് സംശയത്തിനിടയാക്കുന്നത്. കൃത്യം ചെയ്തതിന് ശേഷം രത്‌നഗിരിയിലെത്താൻ ആരെങ്കിലും സഹായിച്ചോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടിയാണ് ഇവിടെയെത്തിയതെന്നാണ് അറിയുന്നത്. ഗുജറാത്തിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അർധരാത്രി സെയ്ഫി രത്‌നഗിരിയിൽ എത്തിയതെന്നാണ് വിവരം. രത്‌നഗിരിയിലെ ഖേത് താലൂക്കിലെ കൊങ്കൺ ലൈനിലുള്ള റെയിൽവേ ട്രാക്കിന് സമീപം ഷാറൂഖ് സെയ്ഫിയെ നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഖേതിലെ പ്രാഥമിക ആശുപത്രിയിലെത്തിച്ചു. എന്നാൽ സെയ്ഫിയുടെ പരുക്ക് ഗുരുതരമായതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രത്‌നഗിരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈസമയത്തൊന്നും സെയ്ഫി പ്രതിയാണെന്ന് ആർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ അർധരാത്രി ആശുപത്രിയിൽ ബോധം വീണ്ടെടുത്ത സെയ്ഫി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. സുരക്ഷാ അധികൃതരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു.

അതിനിടെ, പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കേരള പോലീസ് മഹാരാഷ്ട്ര എ ടി എസിന് കൈമാറിയിരുന്നു. ഏപ്രിൽ നാലിന് രാവിലെയാണ് ഈ വിവരം മഹാരാഷ്ട്ര എ ടി എസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രത്‌നഗിരി ആശുപത്രിയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടതായി ഇന്റലിജൻസിന് വിവരം ലഭ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര എ ടി എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും രാത്രി 11.30 ഓടെ പ്രതിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയുമായിരുന്നു. ഇയാളെ കുറിച്ച് നേരത്തേ തന്നെ വിവരങ്ങളുള്ള നിലയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥരെ ഡൽഹിയിലേക്കയച്ചതും സ്ഥിരീകരണത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളെ കണ്ട പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയുള്ള എ ഡി ജി പി അജിത് കുമാർ പ്രതിയെ പിടികൂടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ ജാഗ്രതയോടെയുള്ള നീക്കത്തെ തുടർന്ന് പ്രതി അറസ്റ്റിലായത്.

Latest