uae- oman
അബുദബിയിൽ നിന്ന് സൊഹാറിലേക്ക് ട്രെയിൻ; യു എ ഇയും ഒമാനും ഒപ്പുവച്ചു
സോഹാറിൽ നിന്ന് അബുദബിയിലേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന യാത്രാ ട്രെയിനുകൾ സർവീസ് നടത്തുകയാണ് ലക്ഷ്യമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.
അബുദബി | യു എ ഇയും ഒമാനും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പ് വെച്ചു. ധാരണ പ്രകാരം ഇരു രാജ്യങ്ങൾക്കിടയിലും ചരക്ക്, യാത്ര റെയിൽ സംവിധാനം ഒരുക്കും. മസ്‌കറ്റിന്റെ വടക്ക് ഭാഗമായ സോഹാറിൽ നിന്ന് അബുദബിയിലേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന യാത്രാ ട്രെയിനുകൾ സർവീസ് നടത്തുകയാണ് ലക്ഷ്യമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ചൊവ്വാഴ്ച ഒമാനിലെത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
യു എ ഇയുടെ നിലവിലുള്ള ചരക്ക് പാതയെ ഒമാനിലെ ആഴക്കടൽ തുറമുഖമായ സോഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. റെയിൽവേ ശൃംഖല അവതരിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും. കമ്പനിക്ക് വേണ്ടി ഏകദേശം 1.16 ബില്യൺ ഒമാനി റിയാൽ (3 ബില്യൺ ഡോളർ) നിക്ഷേപം ലഭിക്കും.