Connect with us

Malappuram

ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റൂട്ടിലെ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കണം: മന്ത്രിയുമായി ചര്‍ച്ച നടത്തി

രാജ്യറാണി പുറപ്പെടല്‍ കേന്ദ്രം നിലമ്പൂരില്‍ തന്നെയെന്ന് ഉറപ്പാക്കണം

Published

|

Last Updated

മലപ്പുറം | കൊവിഡ് ആദ്യ ഘട്ട അടച്ചു പൂട്ടലില്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ നിര്‍ത്തിവെച്ച തീവണ്ടി സര്‍വ്വീസ് ഇനിയും പുനഃസ്ഥാപിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വൈകാതെ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധമായ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനുമായി ഭാരവാഹികള്‍ മലപ്പുറം പ്രസ് ക്ലബ്ബ് ഹാളില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ല കമ്മിറ്റിയുടെ നിവേദനം മന്ത്രിക്ക് നല്‍കി.

നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരിക്ക് എന്നിവര്‍ക്ക് ഓണ്‍ലൈനായും നിവേദനം നല്‍കിയിരുന്നു.  ദക്ഷിക്കണ റെയില്‍വേയുടെ കൂടുതല്‍ യാത്രക്കാരുള്ള പാതകളിലൊന്നാണ് ഷൊര്‍ണ്ണൂര്‍ -നിലമ്പൂര്‍ റെയില്‍വെ ലൈന്‍. കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ട് അഞ്ഞൂറിലധികം ദിവസങ്ങളായി. ഈ റൂട്ടിലെ 14 സര്‍വ്വീസുകളില്‍ രാജ്യറാണി സര്‍വ്വീസ് മാത്രമാണ് ഇപ്പോഴുള്ളത്. അതും രാത്രിയിലാണ്. ദിനംപ്രതി ജോലിക്ക് പോകാന്‍ തീവണ്ടിയെ ആശ്രയിക്കുന്നവര്‍ക്ക് യാതൊരു ഗുണവുമില്ല. ഏഴ് സ്റ്റേഷനുകളുള്ള പാതയില്‍ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമേ രാജ്യറാണിക്ക് സ്റ്റോപ്പുകള്‍ ഉള്ളൂ. നിലമ്പൂര്‍ വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് മേഖലകളിലെ ജീവനക്കാര്‍ തീവണ്ടി സര്‍വ്വീസുകളെയാണ് ആശ്രയിച്ചിരുന്നത്. കൊവിഡ് അടച്ചുപൂട്ടലോടെ ഇവരൊക്കെ പ്രതിസന്ധിയിലാണ്. ദിവസേന രാവിലെ ആറിനും രാത്രി പത്തിനുമിടയില്‍ 14 സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. എവിടെ നിന്നും ഷൊര്‍ണ്ണൂരിലെത്തിയാലും മാറ്റിടങ്ങളിലേക്കെല്ലാം തീവണ്ടിയില്‍ സഞ്ചാരിക്കാമായിരുന്നു. നിലവില്‍ ഇതൊക്കെ തടസ്സപ്പെട്ടിരിക്കുകയാണ്.

നിലവിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് അത്യാവശ്യ സര്‍വ്വീസുകളെങ്കിലും പുനരാരംഭിക്കണം. രാജ്യറാണി എക്‌സ്പ്രസിന്റെ പുറപ്പെടല്‍ കേന്ദ്രം നിലമ്പൂരായി തന്നെ നിലനിര്‍ത്തണമെന്നും ഇപ്പോള്‍ യാത്ര അവസാനിപ്പിക്കുന്ന കൊച്ചുവേളിയില്‍ നിന്ന് മാറ്റി നേരത്തെയുണ്ടായിരുന്ന തിരുവനന്തപുരം സെന്‍ട്രലിലേക്ക് തന്നെ നീട്ടണമെന്നും നിവേദനത്തില്‍ ആവശ്യപ്പട്ടു. പുറപ്പെടല്‍ കേന്ദ്രം നിലമ്പൂരില്‍ നിന്ന് മാറ്റുന്നതിനുള്ള ശ്രമത്തിലെ ആശങ്ക മന്ത്രിയുമായി ഭാരവാഹികള്‍ പങ്കു വെച്ചു. ഈ മാസം 30 ന് നടക്കുന്ന മീറ്റിംഗില്‍ വിഷയം റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും യാത്ര പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ജില്ല ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ , സി കെ യു മൗലവി മോങ്ങം, കെ പി ജമാല്‍ കരുളായി നേതൃത്വം നല്‍കി.