National
മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് അവസാനിപ്പിക്കണം: കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ന്യൂഡല്‍ഹി| മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി. മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
പെന്‍ഷന്‍ നല്‍കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം അറിയിക്കുന്നതിനായി ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ്, അത് ഉറക്കെ വായിക്കുകയോ തിരികെ വാങ്ങുകയോ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.
വിമുക്തഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതില്‍ പെന്‍ഷന്‍ ഒറ്റ ഗഡുവായി വിതരണം ചെയ്യാന്‍ പണം ഇല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഗഡുക്കളായി അടുത്ത വര്‍ഷം ഫെബ്രുവരി 28 നുള്ളില്‍ കുടിശിക വിതരണം ചെയ്യാന്‍ സുപ്രീംകോടതി കേന്ദ്രത്തിന് അനുമതി നല്‍കി. മികച്ച സേവനത്തിനുള്ള മെഡലുകള്‍ ലഭിച്ചവര്‍ക്കും, കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഏപ്രില്‍ 30നകം ഒറ്റ ഗഡുവായി പെന്‍ഷന്‍ നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.