Connect with us

National

തിരു നബിയുടെ സമാധാന സന്ദേശങ്ങൾ പുതിയ തലമുറക്ക് പകർന്ന് നൽകുക: സയ്യിദ് മഹ്ദി മിയാൻ ചിശ്തി

ഇസ്‍ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ (ഐ ഇ ബി ഐ) മിലാദ് ക്യാമ്പയിന് രാജസ്ഥാനിൽ തുടക്കം

Published

|

Last Updated

ജയ്പൂർ | പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജീവിതവും ദർശനവും ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കാനും നിലനിർത്താനും കാരണമായെന്ന് ഇസ്ലാമിക് എജ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ ട്രഷററും അജ്മീർ ശരീഫിലെ പ്രധാന കാര്യദർശിയുമായ സയ്യിദ് മുഹമ്മദ് മഹ്ദി മിയാൻ ചിശ്തി പറഞ്ഞു. ഇസ്‍ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ (ഐ ഇ ബി ഐ) മിലാദ് ക്യാമ്പയിൻ രാജസ്ഥാനിലെ അജ്മീരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുനബിയുടെ പിറവിയുടെ മാസത്തിൽ അവിടുത്തെ ജീവിതം കൂടുതൽ പഠിക്കാനും സന്ദേശങ്ങൾ പ്രചരിപ്പിക്കാനും സമയം കണ്ടെത്തെണം. പുതിയ കാലത്തെ കാലുഷ്യങ്ങൾക്കിടയിൽ സത്യ സരണി പുതിയ തലമുറക്ക് നാം പകർന്ന് നൽകണം. തീവ്ര ,ഭീകര ആശയങ്ങൾ നമ്മുടെ മതത്തിന്റെ മാർഗമല്ല.

ഇത്തരം അപകടരമായ ആശയങ്ങൾ പുതിയ തലമുറയിലേക്ക് പകരാതിരിക്കാനും രാജ്യത്തിനും സമൂഹത്തിനും നന്മ നൽകുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുമുള്ള പാഠ്യപദ്ധതിയാണ് എജ്യൂക്കേഷണൽ ബോർഡ് നടത്തി വരുന്നത്. എല്ലാവരെയും ഉൾക്കൊണ്ട് സഹിഷ്ണുതയോടെ ജീവിക്കാൻ ആവശ്യമായ രീതിയിലുള്ള പഠനവും ശിക്ഷണവും കലാലയങ്ങളിൽ നൽകാൻ അധ്യാപകർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഐ ഇ ബി ഐ ജനറൽ മാനേജർ സി.പി. സൈതലവി മാസ്റ്റർ ചെങ്ങര അധ്യക്ഷത വഹിച്ചു. നാഷണൽ ഡയറക്ടറേറ്റ് മെമ്പർ ഡോ: അമീൻ മുഹമ്മദ് സഖാഫി പന്തീരാങ്കാവ് സന്ദേശ പ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങളായ അബ്ദുൽ മജീദ് കക്കാട്, മുസ്തഫ മാസ്റ്റർ കോഡൂർ , ഖമറുദ്ധീൻ രിസ്‍വി സഖാഫി രാംപൂർ, ആരിഫ് മുഹമ്മദ് സാഹിബ് ആഗ്ര, മൗലാന അർഷദ് റസ് വി ഡറാഡൂൺ എന്നിവർ പ്രസംഗിച്ചു. മുജീബ് നഈമി അജ്മീർ സ്വാഗതവും അബ്ദുൽ ഹക്കീം മുഈനി നന്ദിയും പറഞ്ഞു.