Connect with us

Articles

സാംസ്‌കാരിക സമ്പര്‍ക്കങ്ങള്‍ പ്രസരണം ചെയ്യുന്നത്

കുറഞ്ഞ ശമ്പളം വാങ്ങുന്ന എത്രയോ ആളുകള്‍ പോലും ഓരോ മാസവും കൃത്യമായ വരിസംഖ്യ നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുന്നുണ്ട്. ആ തുക നല്‍കുന്നത് സ്വീകരിക്കുന്ന വ്യക്തിയുടെ വിവര ശേഖരണം നടത്തിയിട്ടല്ല. മറിച്ച് ഒരു പ്രവാസി തനിക്ക് ചുറ്റും കണ്ട ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളില്‍ നിന്ന് അയാള്‍ സ്വയമേവ മാനവികതയിലേക്ക് പരിവര്‍ത്തനപ്പെട്ടതു കൊണ്ടാണ്. ഇതിനെയാണ് സംസ്‌കാരത്തിന്റെ സ്നേഹം എന്നും സ്നേഹത്തിന്റെ സംസ്‌കാരം എന്നും വിളിക്കുന്നത്.

Published

|

Last Updated

പ്രവാസം അതിന്റെ ഒഴുക്കിലേക്ക് ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഓരോ നിമിഷവും ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന അഭയാര്‍ഥി പ്രവാഹവും ഇതിന്റെ ഭാഗമാണ്. മറ്റൊന്ന് മനുഷ്യന്റെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ തൊഴില്‍ പ്രവാസമാണ്. ഇത് ചിലപ്പോള്‍ വ്യക്തിപരവും മറ്റ് ചിലപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്താലും സംഭവിക്കുന്നതാണ്. പ്രവാസം എന്ന വാക്കുകൊണ്ട് അതിനെ പൊതുവായി സൂചിപ്പിക്കുമ്പോള്‍, അഭയാര്‍ഥിത്വത്തിന്റെ സന്ദര്‍ഭങ്ങള്‍ ഒഴിവാക്കിയുള്ള സുരക്ഷിതമായ ജീവിത അവസരമാണ് മലയാളിക്ക് ഗള്‍ഫ് പ്രവാസം. സുരക്ഷിതം എന്നതിന് പൂര്‍ണമായ സാമൂഹിക സുരക്ഷ എന്നല്ല. മറിച്ച് കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തിയാല്‍ സുരക്ഷിതമായി ജീവിക്കാനും ആശയങ്ങള്‍ വിശകലനം ചെയ്യാനും വിനിമയം ചെയ്യാനുമുള്ള സാഹചര്യം പ്രവാസത്തിലുണ്ട്. എന്നാല്‍ ലോകത്തെമ്പാടും നടക്കുന്ന പൊതു സാംസ്‌കാരിക പ്രതിസന്ധികളും രാഷ്ട്രീയമായി രൂപപ്പെടുന്ന അസ്ഥിരതയും പ്രവാസികളെയും സ്വാധീനിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ സാധ്യമാകുന്ന സംവാദങ്ങള്‍ പ്രവാസത്തില്‍ സാധ്യമാകാത്തതുകൊണ്ട് അത്തരം രാഷ്ട്രീയ വിഷയങ്ങള്‍ പലപ്പോഴും സാംസ്‌കാരിക തലങ്ങളില്‍ നിന്നുകൊണ്ടാണ് പ്രവാസത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

ഓരോ മനുഷ്യനും വ്യത്യസ്തമായ ചിന്താ വ്യവഹാരങ്ങളിലൂടെ ജീവിക്കുമ്പോള്‍ ജീവിക്കുന്ന ദേശത്തെ മനുഷ്യരുടെ സാംസ്‌കാരിക ഇടപെടലുകള്‍ എങ്ങനെയാണ് വ്യക്തികളെ സ്വാധീനിക്കുന്നത്? അത് ചിന്തിക്കേണ്ട വിഷയമാണ്. അതായത് ബാഹ്യമായ സാമൂഹിക അവസ്ഥകളെ എങ്ങനെയാണ് ഒരാള്‍ സ്വീകരിക്കുന്നത്? ഇത് എക്കാലത്തെയും വലിയ ചോദ്യമാണ്. പലപ്പോഴും ഇത്തരം സാമൂഹിക സമ്പര്‍ക്കങ്ങള്‍ സ്വാധീനിക്കുന്നതിനപ്പുറം അതിലേക്ക് സ്വാധീനിക്കപ്പെടുന്നു എന്നതാണ് സത്യം. ഈയൊരു വസ്തുതയെ മുന്‍നിര്‍ത്തിയാണ് പ്രവാസത്തില്‍ ജീവിക്കുന്നവരുടെ മാനസികമായ അടുപ്പങ്ങളെ നോക്കിക്കാണുന്നത്. അനേകായിരം മനുഷ്യ മനസ്സുകള്‍ പ്രവാസ ലോകത്ത് എങ്ങനെയാണ് ഒരുമിച്ചു പോകുന്നത്? ഓരോ വ്യക്തിക്കും അയാളുടേതായ മതം, ദേശം, അതുണ്ടാക്കുന്ന സാംസ്‌കാരിക സ്വാധീനങ്ങള്‍ പ്രധാനപ്പെട്ടതാണ്. അതിനിടയിലും പ്രവാസത്തില്‍ വലിയ രീതിയിലുള്ള ആത്മബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യക്കാരിലും മലയാളികളിലും അത് കാണാം.

പ്രവാസ ലോകത്ത് ജീവിക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് നടക്കുന്ന വിഭാഗീയ ചിന്ത ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ? ഇല്ല എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല. എന്നാല്‍ അത് അപകടകരമായ അവസ്ഥയിലേക്ക് വളരാതിരിക്കാന്‍ കാരണം പ്രവാസത്തിലെ സാംസ്‌കാരിക പരിസരങ്ങളാണ്. സാംസ്‌കാരിക സമ്പര്‍ക്കം കൊണ്ട് അത്തരം വിവേചനപരമായ അന്തരീക്ഷത്തെ മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. പ്രവാസത്തിലെ പരസ്പര ഇഴയടുപ്പങ്ങളും മനസ്സറിഞ്ഞുള്ള ആത്മസമ്പര്‍ക്കങ്ങളും പരസ്പരം മനുഷ്യരെ അടുപ്പിക്കുന്നതാണ്. ഇത് പ്രവാസത്തില്‍ എളുപ്പത്തില്‍ സംഭവിക്കുന്നതുമാണ്. പ്രവാസ അനുഭവത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് അതിനെ അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

നിരന്തരമായ മനുഷ്യ സമ്പര്‍ക്കത്തെ മാറ്റിനിര്‍ത്തി പ്രവാസികള്‍ക്ക് ഒരു നിമിഷം പോലും ചലിക്കാന്‍ കഴിയില്ല. കാരണം, തൊഴിലും ജീവിതവും പരസ്പരം പൂരകങ്ങളാണ്. തൊഴിലിടത്തെ വ്യത്യസ്തരായ മനുഷ്യരുമായുള്ള നിരന്തര സമ്പര്‍ക്കം വ്യക്തികളെ നവീകരിക്കുന്നുണ്ട്. ഈ നവീകരണം ബാഹ്യതലങ്ങളിലെ പ്രത്യക്ഷ പ്രകടനങ്ങള്‍ അല്ല. മറിച്ച് ആന്തരികമായ നന്മയാണ്. മതമോ ജാതിയോ ദേശമോ സമ്പത്തോ നോക്കിയല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് എന്ന തിരിച്ചറിവ് സാധ്യമാകുന്നത് പരസ്പരം സമ്പര്‍ക്കം കൊണ്ടാണ്.

ഒരാള്‍ക്ക് ഏതെങ്കിലും അര്‍ഥത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളെ പ്രവാസി സമൂഹം നോക്കിക്കാണുന്നത് മനുഷ്യത്വത്തിന്റെ ഭാഗമായിട്ടാണ്. അയാളുടെ ഒരു വിവരവും ശേഖരിക്കാതെയാണ് അയാള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രവാസ ലോകം ചെയ്തു കൊടുക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് അവര്‍ ആര്‍ജിച്ചെടുത്ത ഈ നന്മ ജീവിതത്തിന്റെ വറ്റാത്ത ഉറവയാണ്. നാട്ടിലെ ഒട്ടുമുക്കാല്‍ പാലിയേറ്റീവ് സൊസൈറ്റികളിലും മറ്റു ഒറ്റപ്പെട്ടു പോകുന്ന മനുഷ്യര്‍ക്കുള്ള അഭയ കേന്ദ്രങ്ങളിലും പ്രവാസി മനസ്സിന്റെ തണലുണ്ട്. ഇത്തരം കാര്യങ്ങള്‍ നാട്ടില്‍ നിന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ പ്രവാസത്തില്‍ നിന്ന് ചെയ്യുന്നത് അയാള്‍ ഒരു ധനികന്‍ ആയതുകൊണ്ടല്ല.

കുറഞ്ഞ ശമ്പളം വാങ്ങുന്ന എത്രയോ ആളുകള്‍ പോലും ഓരോ മാസവും കൃത്യമായ വരിസംഖ്യ നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുന്നുണ്ട്. ആ തുക നല്‍കുന്നത് സ്വീകരിക്കുന്ന വ്യക്തിയുടെ വിവര ശേഖരണം നടത്തിയിട്ടല്ല. മറിച്ച് ഒരു പ്രവാസി തനിക്ക് ചുറ്റും കണ്ട ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളില്‍ നിന്ന് അയാള്‍ സ്വയമേവ മാനവികതയിലേക്ക് പരിവര്‍ത്തനപ്പെട്ടതു കൊണ്ടാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് മതം ഉണ്ടാകാം, അവര്‍ വിശ്വാസികളാകാം, മറ്റു ചിലര്‍ അവിശ്വാസികളാകാം. എന്നാല്‍ ഇതൊന്നും സാമൂഹിക പ്രവര്‍ത്തനത്തിനും സാംസ്‌കാരിക ഇടപെടലിനും തടസ്സമായി നില്‍ക്കുന്നില്ല. ഇതിനെയാണ് സംസ്‌കാരത്തിന്റെ സ്നേഹം എന്നും സ്നേഹത്തിന്റെ സംസ്‌കാരം എന്നും വിളിക്കുന്നത്.

ഇന്ത്യയിലെ സമകാലീന രാഷ്ട്രീയ പരിതസ്ഥിതി മതപരമായി മനുഷ്യരെ വിഭജിത സമൂഹമാക്കി തീര്‍ക്കുമ്പോള്‍ ഈ സ്നേഹ ജീവിതത്തിന് പ്രസക്തിയേറെയുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അധികാര വര്‍ഗം ഭൂരിപക്ഷ മതത്തിന്റെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന നിരന്തര മതാത്മക സമീപനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അധികാരത്തിന്റെ ശക്തിയില്‍ അത് അടിച്ചേല്‍പ്പിക്കുന്നു. രാഷ്ട്രത്തിന്റെ ബഹുസ്വരതയെ തുരങ്കം വെക്കുന്നതാണിത്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ഈ വിപല്‍സ്വാധീനം കേരളീയ സമൂഹത്തിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നായി ജീവിച്ചിരുന്ന നമ്മുടെ ഗ്രാമങ്ങളില്‍ വരെ അപര വിദ്വേഷത്തിന്റെ ചെറു കനലുകള്‍ രൂപപ്പെടുന്നു.

ഈയൊരു സംസ്‌കാരത്തിന്റെയും തിരിച്ചറിവിന്റെയും കൊടുക്കല്‍ വാങ്ങല്‍ നാട്ടിലെ അശാന്തിയിടങ്ങളില്‍ സ്നേഹത്തിന്റെ അടയാളമായി മാറുകയാണ് പ്രവാസി സമൂഹം. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) പ്രവാസ ലോകത്ത് നടത്തുന്ന ‘സ്നേഹ കേരളം ക്യാമ്പയിന്‍’ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. മനുഷ്യന്റെ മുന്നില്‍ മതിലുകള്‍ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ശക്തി കൊണ്ട് ഇല്ലാതാക്കാനാകുമെന്ന് തന്നെയാണ് ഈ ക്യാമ്പയിന്‍ ഉയര്‍ത്തുന്ന സന്ദേശം. വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി പ്രവാസ ലോകത്ത് ശ്രദ്ധനേടിയ ഈ ക്യാമ്പയിനിന്റെ സ്നേഹ സന്ദേശങ്ങള്‍ കേരളത്തിലേക്കും പ്രസരണം ചെയ്യപ്പെടേണ്ടതുണ്ട്.

 

Latest