Kerala
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍
സ്വകാര്യ ബസ്സുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം | കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്നും യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ ബസ് ഓടിക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് ഗതാഗതമന്ത്രി ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിലിറക്കിയ വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുത്തെന്നും സമയത്ത് വണ്ടി സ്റ്റേഷനില്‍ എത്തിയെന്നും ഉറപ്പാക്കണം. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണം. പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകരുത്. റോഡില്‍ സമാന്തരമായി വാഹനം നിര്‍ത്തണം. റോഡില്‍ ആര് കൈ കാണിച്ചാലും നിര്‍ത്തി കൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കരുതെന്നും വണ്ടി ഓടിക്കുമ്പോള്‍ ഒരു കാരണവശാലും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.