Kerala
കെൽട്രോൺ ഒരു സ്ക്രൂ പോലും ഉണ്ടാക്കുന്നില്ലെന്ന് തിരുവഞ്ചൂർ; ചാന്ദ്രയാനും ആദിത്യക്കും ഉത്പന്നങ്ങൾ നിർമിച്ചെന്ന് മന്ത്രി രാജീവ്
ചാന്ദ്രയാൻ 3 മിഷനിൽ 41 വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം | പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ ഉത്പാദനക്ഷമതയെ സംബന്ധിച്ച് നിയമസഭയിൽ സംവാദം. ഒരു സ്ക്രൂ പോലുമുണ്ടാക്കാൻ സാധിക്കാത്ത സ്ഥാപനമാണ് കെൽട്രോൺ എന്ന് പ്രതിപക്ഷ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇതിന് ഗതാഗത മന്ത്രി ആൻ്റണി രാജുവും വ്യവസായ മന്ത്രി പി രാജീവും മറുപടി നൽകി. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ചോദ്യോത്തരവേളയിലായിരുന്നു സംവാദം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയുടെ അഭിമാനമായി മാറിയ ചാന്ദ്രയാൻ ദൗത്യത്തിലും ആദിത്യ എൽ1 ദൗത്യത്തിലുമായി നൂറോളം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകിയ കെൽട്രോണിനെക്കുറിച്ചാണ് തിരുവഞ്ചൂർ പറയുന്നതെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. ചാന്ദ്രയാൻ 3 മിഷനിൽ 41 വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ LVM 3 യിലെ ഇൻറർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയത് കെൽട്രോൺ ആണ്.
അത്തരത്തിൽ കേരളത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തെ അഭിനന്ദിക്കുന്നതിന് പകരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത് നമ്മുടെ നാടിനോടുള്ള പ്രതിപക്ഷ നിലപാട് കൂടിയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.