From the print
അയയാതെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ യാത്രാപ്രതിസന്ധി; വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിച്ചില്ല
ശ്രമങ്ങള്‍ തുടരുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി

കോഴിക്കോട് | ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ഹജ്ജ് യാത്ര സംബന്ധിച്ചു പ്രതിസന്ധി അയഞ്ഞില്ല. വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിക്കാന്‍ ഇതുവരെ സഊദി തയ്യാറായിട്ടില്ല. ഇതിന് പുറമെ നിലവില്‍ അനുവദിക്കപ്പെട്ട 10,000 ക്വാട്ട വിതരണം ചെയ്യുന്നതിന് നുസുക് പോര്‍ട്ടല്‍ ഇതുവരെ തുറന്നിട്ടുമില്ല.
കഴിഞ്ഞ ദിവസങ്ങളിലായി 10,000 ക്വാട്ട അനുവദിക്കപ്പെട്ടുവെന്ന അറിയിപ്പ് വന്നതല്ലാതെ സാങ്കേതികമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അതുവരെ ഇന്ത്യന്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നടത്താനായിട്ടില്ല. അതേസമയം, വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി വ്യക്തമാക്കി.
സഊദിയുമായി സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് വരുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത ചൂട് സീസണായതിനാല്‍ മിനായിലുള്‍പ്പെടെ ഹാജിമാര്‍ക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളാണ് സഊദി അധികൃതര്‍ പങ്കുവെച്ചതെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഈ മാസം 22, 23 തീയതികളിലാണ് പ്രധാനമന്ത്രിയുടെ സഊദി സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് ഹജ്ജ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചക്ക് വരുത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അതേസമയം, നുസുക് പോര്‍ട്ടല്‍ തുറക്കാത്ത സാഹചര്യത്തില്‍ സഊദി ഹജ്ജ് മന്ത്രാലയവുമായി ബന്ധപ്പെട്ട രണ്ട് നമ്പറുകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കായുള്ള സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്.
26 സി എച്ച് ജി ഒ (കമ്പൈന്‍ഡ് ഹജ്ജ് ഗ്രൂപ്പ് ഓര്‍ഗനൈസേഴ്‌സ്) കള്‍ക്കും ഈ നമ്പറുകളില്‍ നേരിട്ട് ബന്ധപ്പെടാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.