Connect with us

Kerala

യാത്രാദുരിതം, റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നല്‍കിയില്ല; അധ്യാപികക്ക് 69,000 രൂപ കെ എസ് ആര്‍ ടി സി നഷ്ടപരിഹാരം നല്‍കണം

അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എന്‍ എസ് എസ് എച്ച് എസ് എസ് എസിലെ അധ്യാപികയുമായ പി പ്രിയ ഫയല്‍ ചെയ്ത ഹരജിയിലാണ് വിധി.

Published

|

Last Updated

പത്തനംതിട്ട | റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നല്‍കാതിരിക്കുകയും അര്‍ധരാത്രി യാത്രാദുരിതം നേരിടേണ്ടി വരികയും ചെയ്ത അധ്യാപികക്ക് 69,000 രൂപ കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു. അടൂര്‍ ഏറത്ത് സ്വദേശിയും ചൂരക്കോട് എന്‍ എസ് എസ് എച്ച് എസ് എസ് എസിലെ അധ്യാപികയുമായ പി പ്രിയ ഫയല്‍ ചെയ്ത ഹരജിയിലാണ് വിധി.

മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ഗവേഷണ വിദ്യാര്‍ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കാഴ്ചക്കു വേണ്ടി 2018ല്‍ കൊട്ടാരക്കരയില്‍ നിന്നും രാത്രി 8.30ന് മൈസൂരിലേക്കു പുറപ്പെടുന്ന കെ എസ് ആര്‍ ടി സിയുടെ എ സി ബസിന് 1,003 രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്നേ ദിവസം വൈകിട്ട് 5.30നു വിളിക്കുമ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയില്‍ എത്തുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. രാത്രി 8.30ന് കെ എസ് ആര്‍ ടി സിയുടെ കൊട്ടാരക്കരയിലെ അധികൃതര്‍ തിരുവനന്തപുരം ഓഫീസില്‍ വിളിക്കുമ്പോള്‍ മാത്രമാണ് ബസ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്.

പിന്നീട് അന്വേഷിച്ചപ്പോള്‍ രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂരിനു ബസ് ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് 63 കിലോമീറ്റര്‍ ദൂരം രാത്രിയില്‍ ഒറ്റ്ക്കു ടാക്‌സിയില്‍ കൊട്ടാരക്കരയില്‍ നിന്നും കായംകുളത്തു പോയി. 903 രൂപ വീണ്ടും ടിക്കറ്റ് ചാര്‍ജ് കൊടുത്ത് മൈസൂരിനു പോകേണ്ടി വന്നു. വീട്ടില്‍ നിന്നും 16 കിലോമീറ്റര്‍ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയില്‍ ഇവര്‍ എത്തിയത്. കൃത്യമായ വിവരം നല്‍കാതിരുന്നതു മൂലം ഒരു സ്ത്രീക്ക് രാത്രിയില്‍ ഒറ്റക്ക് 63 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേരാന്‍ കഴിയാതെ വന്നു. രാവിലെ 11.45നാണ് എത്തിച്ചേരാനായത്. ഗൈഡുമായുള്ള കൂടിക്കാഴ്ചക്ക് തടസം നേരിട്ടു. അന്നേ ദിവസം കൂടിക്കാഴ്ച നടക്കാത്തതിനാല്‍ മൂന്നു ദിവസം മൈസൂരില്‍ താമസിക്കേണ്ടി വരികയും ചെയ്തു.

ബസ് റദ്ദു ചെയ്തതിനാല്‍ ടിക്കറ്റ് ചാര്‍ജ് തിരികെ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര ഫോറത്തിനെ സമീപിക്കുകമായിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. അവര്‍ പങ്കെടുത്ത് ആവശ്യമായ തെളിവുകള്‍ നല്‍കി. എന്നാല്‍ ഹരജി ഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കമ്മീഷനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ റദ്ദു ചെയ്ത ബസിന്റെ ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ 69,000 രൂപ കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടര്‍ ഹരജി കക്ഷിക്കു കൊടുക്കാന്‍ ഉത്തരവിടുകയാണ് ചെയ്തത്. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗങ്ങളായ എന്‍ ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

 

Latest