Alappuzha
മതിലിടിഞ്ഞു വീണ് മരിച്ച വിദ്യാര്‍ഥിക്ക് യാത്രാമൊഴി; അല്‍ ഫയാസ് ഇനി കണ്ണീരോര്‍മ
ആലപ്പുഴ, അമ്പലപ്പുഴ സോണ്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലനം പൂര്‍ത്തിയാക്കിയാണ് പൊതുദര്‍ശനത്തിനെത്തിച്ചത്.

ആലപ്പുഴ | ശക്തമായ മഴയില്‍ അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞുവീണ് മരിച്ച ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി ആലപ്പുഴ ആറാട്ടുവഴി സ്വദേശി അല്‍ ഫയാസി (13)ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് അല്‍ ഫയാസ് പഠിച്ചിരുന്ന ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11 ഓടെ പൊതുദര്‍ശനത്തിന് കൊണ്ടുവന്നു. ആലപ്പുഴ, അമ്പലപ്പുഴ സോണ്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലനം പൂര്‍ത്തിയാക്കിയാണ് പൊതുദര്‍ശനത്തിനെത്തിച്ചത്.
മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേരാണ് വിദ്യാര്‍ഥിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. ജനബാഹുല്യം കണക്കിലെടുത്ത് ആറാട്ടുവഴിയിലെ വീടിന് സമീപത്തെ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. അവസാനമായി മയ്യിത്ത് വീട്ടിലെത്തിച്ചപ്പോള്‍ ഏക മകന് യാത്രാമൊഴിയേകാന്‍ മാതാപിതാക്കളെത്തിയത് കൂടെ നിന്നവരെയെല്ലാം ഈറനണിയിച്ചു. എസ് വൈ എസ് ജമാലുദ്ദീന്‍ യൂനിറ്റ് പ്രസിഡന്റ് കൂടിയായ പിതാവ് അന്തേക്ക്പറമ്പ് അലിയെയും മാതാവ് ഹസീനയയും ആശ്വസിപ്പിക്കാന്‍ ഉറ്റവര്‍ക്ക് പോലും കഴിഞ്ഞില്ല.
പ്രാര്‍ഥനക്കും മയ്യിത്ത് നിസ്‌കാരത്തിനും സ്ഥലം ഖത്വീബ് കൂടിയായ സമസ്ത ആലപ്പുഴ മേഖലാ മുശാവറ അംഗം സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഉച്ചക്ക് 2.30ഓടെ പടിഞ്ഞാറ് ഷാഫി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെത്തിച്ച് ഖബറടക്കി.
എസ് എസ് എഫ് ജമാലുദ്ദീന്‍ യൂനിറ്റ് പ്രസിഡന്റ് കൂടിയായ അല്‍ ഫയാസ് മികച്ച സംഘാടകന്‍ കൂടിയായിരുന്നു. ആലപ്പുഴ ജമാലുദ്ദീന്‍ മദ്റസയിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയ കൂട്ടുകാരന്റെ ആകസ്മിക മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രി 7.30 ഓടെയാണ് വീടിന് സമീപത്തെ അപകടാവസ്ഥയിലായ അഞ്ചരപ്പൊക്കമുള്ള മതില്‍ ഫയാസിന്റെ ദേഹത്തേക്ക് ഇടിഞ്ഞുവീണത്. അപകടാവസ്ഥയിലായ മതില്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
എം എല്‍ എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ, സമസ്ത മേഖലാ മുശാവറ അംഗങ്ങള്‍, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ് നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.