Kerala
കാറിന്റെ ഡോറിലിരുന്ന് യാത്ര;വാഹനം പിടികൂടി മോട്ടോര്‍വാഹന വകുപ്പ്
കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇടുക്കി | മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്‌ട്രേഷന്‍ വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഇന്ന് രാവിലെ ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. പിടികൂടിയ വാഹനം മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മോട്ടോര്‍ വാഹന വകുപ്പ് ദേവികുളത്ത് വെച്ചാണ് വാഹനം പിടികൂടിയത്.
ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചത്. ഡ്രൈവറെ ഉടന്‍ തന്നെ ആര്‍ടിഒ ക്ക് മുന്നില്‍ ഹാജരാക്കും. ഇടുക്കി എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എഎം വിഐ ഫിറോസ് ബിന്‍ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് അപകടകരമായി യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.