Connect with us

prathivaram story

ജിപ്‌സിയുടെ യാത്രകൾ

കാറ്റിന്റെ വന്യത സഹിക്കാൻ പറ്റാതായപ്പോൾ അയാളതിനെ ആവാഹിച്ച് പുല്ലാങ്കുഴലിനകത്താക്കി.

Published

|

Last Updated

തിവിശാലമായ ഭൂപരപ്പിൽ ചുഴിഞ്ഞു ചുറ്റുന്ന കാറ്റിലൂടെ നടക്കു
മ്പോൾ കാറ്റ് ജിപ്‌സിയെ വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങി. വസ്ത്രങ്ങൾ പറിച്ചെറിയാൻ വന്നപ്പോൾ ജിപ്‌സിക്കു ദേഷ്യം വന്നു. അയാളുടെ തോൾസഞ്ചി രണ്ട് തവണ കാറ്റ് താഴെ വീഴ്ത്തി. പരന്ന പാറകൾക്കു മുകളിലൂടെ നടക്കുമ്പോൾ കാറ്റിന്റെ ചുഴിഞ്ഞു ചുറ്റലിൽ അടിതെറ്റുന്നതുപോലെ.

പുല്ലാങ്കുഴൽ വായിക്കുന്ന ജിപ്‌സിയായിരുന്നു അയാൾ. തോൾസഞ്ചിയിൽ പലതരം പുല്ലാങ്കുഴലുകൾ ഉണ്ടായിരുന്നു. സവിശേഷമായ മുളങ്കാടുകളിൽനിന്ന് അയാൾ തന്നെയാണ് മുളകൾ ശേഖരിച്ച് പുല്ലാങ്കുഴലാക്കിമാറ്റിയിരുന്നത്. തലമുറകളിലൂടെ കൈമാറി വന്ന പാഠങ്ങൾ. ആളുകൾ നൽകുന്ന ഭിക്ഷകൊണ്ട് അയാൾ ജീവിച്ചു. എവിടേയും സ്ഥിരതാമസമില്ല.
അലച്ചിലാണ് ജിപ്‌സിയുടെ പൊരുൾ. സംഗീതമാണ് നിറവ്.

കാറ്റിന്റെ വന്യത സഹിക്കാൻ പറ്റാതായപ്പോൾ അയാളതിനെ ആവാഹിച്ച് പുല്ലാങ്കുഴലിനകത്താക്കി.അങ്ങനെയാണ് ആ കാറ്റ് പുല്ലാങ്കുഴലിന്റെ സംഗീതമായത്. ആ രൂപാന്തരം കാറ്റിന് വല്ലാതെ ഇഷ്ടമായി.

ആ സംഗീതത്തിലേക്ക് ചിത്രശലഭങ്ങൾ പറന്നുവന്നു. തുമ്പികൾ നൃത്തം ചെയ്തു.
എവിടെനിന്നോ ഒരു കുരുവി വന്ന് ഉമ്മവെച്ചു കടന്നുപോയി.
എവിടെയായിരുന്നു ഈ ഞാനെന്ന് കാറ്റ് തന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. എവിടെയായിരുന്നു ഈ സൗമ്യത…. ഈ ആർദ്രത…
സംഗീതമായി മാറാൻ ഞാനെത്ര വൈകി.
ഈ പുല്ലാങ്കുഴൽ വിട്ട് ഇനി ഞാൻ എവിടേക്കുമില്ല.
കാറ്റ് പറഞ്ഞു.

അയ്യോ. ഞാൻ ഒരു കാറ്റിനേയും സ്ഥിരമായി കൂടെ കൂട്ടില്ല. എനിക്ക് ദേശവും കാലവുമില്ല. സ്ഥിരമായി ഒരിടത്തു പാർപ്പുമില്ല. കാറ്റ് വാശിപിടിച്ചു നോക്കി. പക്ഷെ പ്രയോജനമുണ്ടായില്ല.
കാറ്റിനെ പുല്ലാങ്കുഴലിൽനിന്ന് ഇറക്കിവിട്ട് ജിപ്‌സി യാത്ര തുടർന്നു.
അതിൽ പിന്നെയാണ് മുളങ്കാടുകളെത്തേടി കാറ്റ് പുറപ്പെട്ടുപോയത്.

Latest