Connect with us

Kerala

ട്രഷറർ എൻ എം വിജയന്റെ മരണം; കെ സുധാകരനെ ചോദ്യം ചെയ്തേക്കും

ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു

Published

|

Last Updated

കല്‍പറ്റ | വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കെ സുധാകരനെ ചോദ്യം ചെയ്യും.എന്‍ എം വിജയന്‍ സുധാകരന്  അയച്ച  കത്തിൻ്റെ വിശദാംശങ്ങൾ തേടുന്നതിനാണ് മൊഴിയെടുക്കുന്നത്.

സാമ്പത്തിക ബാധ്യതകള്‍ വിശദീകരിച്ച് നേരത്തെ രണ്ട് തവണ എന്‍ എം വിജയന്‍ കെ സുധാകരന് കത്തയച്ചിരുന്നതായാണ് വിവരം. എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്നും പുറത്തുപറയേണ്ട കാര്യങ്ങള്‍ ഒന്നും കത്തിലില്ലെന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞിരുന്നത്.

ആത്മഹത്യാക്കുറിപ്പിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പോലീസിന് ലഭിച്ചു. 2022 ല്‍ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.

ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. അന്വേഷണസംഘത്തെ ഉടന്‍ നിയോഗിക്കുമെന്നാണ് സൂചന. എന്‍എം വിജയന്റെ ആത്മഹത്യയില്‍ കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോണ്‍ഗ്രസ് നേതാക്കളായ എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

Latest