uae
എസ് കെ എം സിയിലും തവാം ആശുപത്രിയിലും ഇനി യു എ ഇ പൗരന്മാര്‍ അല്ലാത്തവര്‍ക്കും ചികിത്സ
സ്വദേശികള്‍ക്ക് മാത്രമുള്ള തിഖ പ്ലാന്‍ രോഗികള്‍ക്കും അത്യാഹിത കേസുകള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും മാത്രമായിരുന്നു ഈ രണ്ട് ആശുപത്രികളിലും ചികിത്സ ലഭിച്ചിരുന്നത്
അബുദബി | അബുദബി നഗരത്തിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും (എസ് കെ എം സി) അല്‍ ഐന്‍ തവാം ആശുപത്രിയിലും സ്വദേശികള്‍ക്ക് പുറമെ വിദേശികളായ താമസക്കാര്‍ക്കും സേവനങ്ങള്‍ ലഭിക്കുമെന്ന് അബുദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി (സീഹ ) അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്ക് മാത്രമുള്ള തിഖ പ്ലാന്‍ രോഗികള്‍ക്കും അത്യാഹിത കേസുകള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും മാത്രമായിരുന്നു ഈ രണ്ട് ആശുപത്രികളിലും ചികിത്സ ലഭിച്ചിരുന്നത്. അബുദാബിയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കാനുള്ള അബുദാബിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് കവറേജ് വിപുലീകരിക്കുന്നത്.
ഇനി മുതല്‍ യു എ ഇ പൗരന്മാര്‍ക്ക് പുറമെ താമസക്കാര്‍ക്കും എസ് കെ എം സിയിലും തവാം ആശുപത്രിയിലും സേവനങ്ങള്‍ ലഭിക്കുമെന്ന് സീഹ അറിയിച്ചു. യു എ ഇ ലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണ് അബുദബി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി. 531 കിടക്കകളും ഗുരുതര പരിചരണ വിഭാഗവും എമര്‍ജന്‍സി യൂണിറ്റും ഉള്‍പ്പെടുന്ന ഉയര്‍ന്ന പരിഗണനയുള്ള പീഡിയാട്രിക് സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അല്‍ ഐന്‍ തവാം ആശുപത്രിയില്‍ ദേശീയ കാന്‍സര്‍ ചികിത്സാ കേന്ദ്രവും മറ്റ് നിരവധി സേവനങ്ങളുമുണ്ട്. ദുബൈ, അബുദാബി നിവാസികള്‍ക്ക് മെഡിക്കല്‍ പരിരക്ഷ നിര്‍ബന്ധമാണ്, എന്നിരുന്നാലും ഇന്‍ഷുറന്‍സ് നിലവാരം ചില ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവയില്‍ ചികിത്സ പരിമിതപ്പെടുത്തും. സീഹയുടെ സംയോജിത ആരോഗ്യ പരിരക്ഷാ മാതൃക ശക്തിപ്പെടുത്തുന്നതിനു പുറമേ, എമിറേറ്റിലുടനീളം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ സംരക്ഷണ ലഭ്യത വിശാലമാക്കും എസ് കെ എം സി ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഡോക്ടര്‍ സഫ ആസാത്ത് അല്‍ മുസ്തഫ പറഞ്ഞു. എല്ലാ ഇന്‍ഷുറന്‍സ് പ്ലാനിലുള്ളവര്‍ക്കും തവാം ഹോസ്പിറ്റലിന്റെ ഓങ്കോളജി സെന്റര്‍ പോലെയുള്ള സീഹയുടെ ലോകോത്തര സേവനങ്ങളിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ഈ നീക്കം ഉറപ്പാക്കും തവാം ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് സയീദ് ജാബര്‍ കുവൈറ്റ് പറഞ്ഞു.