Connect with us

Health

ചികിത്സാ സമയം മൂന്നിലൊന്നായി കുറയും; കാന്‍സര്‍ ചികിത്സാ രംഗത്ത് മികച്ച നേട്ടവുമായി ഇംഗ്ലണ്ട്

നൂറുകണക്കിന് രോഗികള്‍ക്ക് തൊലിക്കടിയില്‍ കുത്തിവെപ്പ് നടത്താന്‍ സജ്ജീകരിച്ചിരിക്കുകയാണ്. ഏകദേശം ഏഴ് മിനിറ്റ് കൊണ്ട് ചികിത്സ പൂര്‍ത്തിയാകും.

Published

|

Last Updated

ലണ്ടന്‍| കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ നേട്ടം അവകാശപ്പെട്ട് ഇംഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാന്‍സര്‍ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്ന് ഇംഗ്ലണ്ട് പറയുന്നു. കൂടാതെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് രോഗികള്‍ക്ക് കുത്തിവെപ്പ് നല്‍കുമെന്നും അവകാശപ്പെട്ടു. ലോകത്തില്‍ തന്നെ ആദ്യത്തേതാണ് ഇത്തരമൊരു ചികിത്സ.

ബ്രിട്ടന്റെ ദേശീയ ആരോഗ്യ സേവനമാണ് കുത്തിവെപ്പ് നല്‍കുന്നത്. കുത്തിവെപ്പ് ചികിത്സ സമയത്തിന്റെ മുക്കാല്‍ ഭാഗത്തോളം കുറയ്ക്കുമെന്നും ദേശീയ ആരോഗ്യ സേവന അധികൃതര്‍ വ്യക്തമാക്കി. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എച്ച്എസ് പറഞ്ഞു.

നൂറുകണക്കിന് രോഗികള്‍ക്ക് തൊലിക്കടിയില്‍ കുത്തിവെപ്പ് നടത്താന്‍ സജ്ജീകരിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ രീതി രോഗികള്‍ക്ക് സൗകര്യപ്രദവും വേഗത്തിലുള്ളതുമായ പരിചരണം നല്‍കാന്‍ സഹായിക്കുന്നതാണ്.  നിലവിലെ അറ്റെസോലിസുമാബ് അല്ലെങ്കില്‍ ടെസെന്‍ട്രിക് രീതി രോഗികള്‍ക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പ് വഴിയാണ് നല്‍കുന്നത്. ഇത് പലപ്പോഴും 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളാം. ചില രോഗികള്‍ക്ക് സിരയിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുമായേക്കാം. എന്നാല്‍ പുതിയ രീതി, ഏകദേശം ഏഴ് മിനിറ്റ് കൊണ്ട് പൂര്‍ത്തിയാകുമെന്ന് റോഷ് പ്രോഡക്ട്സ് ലിമിറ്റഡിന്റെ മെഡിക്കല്‍ ഡയറക്ടര്‍ മാരിയസ് ഷോള്‍ട്സ് പറഞ്ഞു.

റോഷെ കമ്പനിയായ ജെനെന്‍ടെകാണ് പുതിയ അറ്റെസോലിസുമാബ് നിര്‍മിച്ചത്. കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനുമുള്ള രോഗപ്രതിരോധ മരുന്നാണിത്. ശ്വാസകോശം, സ്തനങ്ങള്‍, കരള്‍, മൂത്രസഞ്ചി എന്നിവയുള്‍പ്പെടെ നിരവധി അര്‍ബുദ രോഗികള്‍ക്കാണ് നിലവില്‍ ചികിത്സ വാഗ്ദാനം ചെയ്യുന്നത്. ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും അറ്റെസോലിസുമാബ് ചികിത്സ 3,600 രോഗികള്‍ക്ക് നല്‍കാറുണ്ട്.

 

 

 

Latest