Connect with us

National

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ മരം വീണ് അപകടം; രണ്ട് മരണം

ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളില്‍ ആകെ 23 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളില്‍ ആകെ 23 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയും ലഭിച്ചിരുന്നു.

ശക്തമായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റിലാണ് നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കാറ്റില്‍ സഹായം ആവശ്യപ്പെട്ട് അഗ്‌നിശമന സേനയ്ക്ക് അമ്പതോളം കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശക്തമായ പൊടിക്കാറ്റ് കാരണം വിമാനം വഴിതിരിച്ചുവിട്ടു. ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു.

 

 

 

 

 

Latest