Connect with us

chandrayan 3 soft landing

ചാന്ദ്രധ്രുവത്തില്‍ വിജയത്തിന്റെ മൂവര്‍ണം

പരാജയം വിജയത്തിന്റെ മുന്നോടിയെന്ന ആപ്തവാക്യം അക്ഷരാര്‍ഥത്തില്‍ പുലരുകയാണ് ചന്ദ്രയാന്‍ മൂന്നില്‍. അന്ന് സംഭവിച്ച പിഴവുകള്‍ വിശദമായി പഠിച്ചും പുതിയ അറിവുകള്‍ കൂട്ടിച്ചേര്‍ത്തുമാണ് ഈ വിജയം ഒരുക്കിയെടുത്തത്. താരതമ്യേന ചെലവ് കുറച്ചാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത് എന്നത് ഏറെ പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതാണ്.

Published

|

Last Updated

ന്ത്യ ചന്ദ്രനെ തൊട്ടിരിക്കുന്നു. ഒരു പിഴവും വരുത്താതെ, അങ്ങേയറ്റത്തെ സാങ്കേതികത്തികവോടെ, നിശ്ചയിക്കപ്പെട്ട സ്ഥലത്തും വേഗത്തിലും കൃത്യതയോടെയും ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തിരിക്കുന്നു. അഭിമാനം വാനോളമുയര്‍ന്നു. ഭാവിയിലെ ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് എക്കാലത്തേക്കുമുള്ള ഊര്‍ജം കൈവന്നു. ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം സാധ്യമാക്കിയ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. വമ്പന്‍മാര്‍ തോറ്റ് മടങ്ങിയയിടത്ത് ഇതാ രാജ്യം വിജയത്തിന്റെ മൂവര്‍ണം ചാര്‍ത്തിയിരിക്കുന്നു. ഇരുട്ടു മൂടിയ ചാന്ദ്രധ്രുവത്തില്‍ വിജയ ത്രിവര്‍ണം.

ഈ നേട്ടത്തിനായി അക്ഷീണം പരിശ്രമിച്ച ഐ എസ് ആര്‍ ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ഏജന്‍സിക്കകത്തും പുറത്തുമുള്ള തൊഴിലാളികളെയും വസ്തുക്കളും സാമഗ്രികളും ലഭ്യമാക്കിയവരെയും ഭരണപരമായ പിന്തുണ നല്‍കിയവരെയുമെല്ലാം ഞങ്ങള്‍ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു. എല്ലാത്തിലുമുപരി ഈ നിമിഷത്തിനായി തുടിക്കുന്ന മനസ്സോടെ കാത്തിരിക്കുകയും നിരന്തരം ആവേശം പകരുകയും ചെയ്ത മുഴുവന്‍ പൗരന്‍മാരുടെയും അളവറ്റ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

ഒട്ടും ആയാസരഹിതമായിരുന്നില്ല ഈ പ്രയാണം. ഓരോ നിമിഷവും ഉദ്വേഗപൂര്‍ണമായിരുന്നു. ഇന്ത്യക്ക് പിറകേ സമാനമായ ദൗത്യവുമായി കുതിക്കുകയും മുമ്പേയെത്താന്‍ തത്രപ്പെടുകയും ചെയ്ത റഷ്യയുടെ ലൂണ 25 വീണുടഞ്ഞതോടെ ഈ ആകാംക്ഷ ഇരട്ടിച്ചു. ആകാശത്തെ സൗഹൃദ മത്സരത്തിന് അന്ത്യം കുറിച്ച് ലൂണ വീണത് സോഫ്റ്റ് ലാന്‍ഡിംഗിന്റെ തൊട്ടു മുമ്പായിരുന്നു. വേഗം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു ലൂണ. സംഭവിക്കാന്‍ സാധ്യതയുള്ള പിഴവ് തന്നെയായിരുന്നു അത്. നിരന്തരം അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന ധൂളിയും രൂപപ്പെട്ടുകൊണ്ടിക്കുന്ന ഗര്‍ത്തങ്ങളുമെല്ലാം ചന്ദ്രോപരിതലത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കും. ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ഡീ ബൂസ്റ്റിംഗ് ഓപറേഷന്‍ അടക്കമുള്ളവ പൂര്‍ത്തിയാക്കിയത് നേരത്തേ തയ്യാറാക്കി നല്‍കിയ ഡാറ്റയിലും ഇന്‍ബില്‍ട്ട് ഇന്റലിജന്‍സിലുമായിരുന്നു. കൃത്യതയോടെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതോടെ എ ഐ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ)ക്കുള്ള കഴിവ് ലോകത്തിന് മുന്നില്‍ ആധികാരികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റഫ് ബ്രേക്കിംഗ്, ആള്‍ട്ടിറ്റ്യൂഡ് ഹോള്‍ഡ്, ഫൈന്‍ ബ്രേക്കിംഗ്, ടെര്‍മിനല്‍ ഡിസന്റ് തുടങ്ങി ലാന്‍ഡിംഗിന്റെ സര്‍വ ഘട്ടങ്ങളിലും ഈ കൃത്യത വ്യക്തമായിരുന്നു.

ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായകമായ വിജയത്തോടെ ഇന്ത്യ ചാന്ദ്ര ഗവേഷണത്തിന്റെ പതാകവാഹക പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. റഷ്യയുടെ ലൂണ ഒമ്പത് 1966ല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെയാണ് മനുഷ്യനെ ചന്ദ്രനിലിറക്കുകയെന്ന സ്വപ്‌നത്തിന് വേഗം കൈവന്നത്. 1967ല്‍ നാസ ആരംഭിച്ച അപ്പോളോ-1 ദൗത്യം പരാജയമായിരുന്നു. 1969 ജൂലൈ 21ാം തീയതി അപ്പോളോ 11 പേടകത്തിലേറി മനുഷ്യന്‍ ചന്ദ്രോപരിതലം കീഴടക്കി. പിന്നെ ഇതിന് തുടര്‍ച്ചകളുണ്ടായി. 1972 ഡിസംബറില്‍ അപ്പോളോ 17 പേടകത്തിലേറി ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ് ഈ പരമ്പരയിലെ അവസാന കണ്ണി. അര നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ട്. “നാസ’യുടെ ആര്‍ട്ടിമിസ് പദ്ധതിയും ഇന്ത്യയുടെ “ഗഗന്‍യാന്‍’ പദ്ധതിയുമെല്ലാം ലക്ഷ്യമിടുന്നത് മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള പ്രവേശമാണ്.

2000 ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ചന്ദ്രയാന്‍ ദൗത്യ പരമ്പരയുടെ അസ്തിവാരമിട്ടതെന്ന് പറയാം. ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ അന്വേഷണങ്ങള്‍ക്ക് ചന്ദ്രയാന്‍ എന്ന് പേരിട്ടു. 2008 ഒക്ടോബര്‍ 22ന് ചന്ദ്രയാന്‍ ഒന്ന് പേടകം ചന്ദ്രോപരിതലത്തില്‍ പ്രവേശിച്ചപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുകയായിരുന്നു ചന്ദ്രയാന്‍ ഒന്നിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. പത്ത് മാസം ചന്ദ്രനില്‍ കറങ്ങി നടന്ന ഓര്‍ബിറ്റര്‍ അതുസംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചു. ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട ത്രിവര്‍ണ പതാക പതിച്ച മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറക്കിയുള്ള പരീക്ഷണവും വിജയകരമായിരുന്നു. ആദ്യ ദൗത്യം പൂര്‍ത്തിയാക്കി കൃത്യം പത്ത് വര്‍ഷങ്ങൾക്കു ശേഷമാണ് ഇന്ത്യ രണ്ടാം ചാന്ദ്ര ദൗത്യത്തിന് ശ്രമം നടത്തിയത്. ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിംഗായിരുന്നു ലക്ഷ്യം. 2019 സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ ചന്ദ്രനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ വിക്രം ലാന്‍ഡര്‍ എത്തിനിൽക്കെ, ഓര്‍ബിറ്ററുമായുള്ള ലാന്‍ഡറിന്റെ ബന്ധം നഷ്ടമായി. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി.

പരാജയം വിജയത്തിന്റെ മുന്നോടിയെന്ന ആപ്തവാക്യം അക്ഷരാര്‍ഥത്തില്‍ പുലരുകയാണ് ചന്ദ്രയാന്‍ മൂന്നില്‍. അന്ന് സംഭവിച്ച പിഴവുകള്‍ വിശദമായി പഠിച്ചും പുതിയ അറിവുകള്‍ കൂട്ടിച്ചേര്‍ത്തുമാണ് ഈ വിജയം ഒരുക്കിയെടുത്തത്. താരതമ്യേന ചെലവ് കുറച്ചാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത് എന്നത് ഏറെ പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം പണക്കൊഴുപ്പിന്റെ വേദിയായി ഗവേഷണ മേഖലയെ മാറ്റാന്‍ പാടില്ലല്ലോ. ചന്ദ്രയാന്‍ മൂന്ന് ഒരു അവസാനമല്ല. വിജയത്തിന്റെ ആലസ്യത്തില്‍ മുഴുകാന്‍ ഐ എസ് ആര്‍ ഒക്ക് സമയവുമില്ല. ദക്ഷിണ ധ്രുവം തന്നെ സോഫ്റ്റ് ലാന്‍ഡിംഗിന് തിരഞ്ഞെടുത്തത് അവിടെ ശീതീകൃത ജലകണങ്ങളുണ്ടാകാമെന്ന ശാസ്ത്ര നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ ദിശയില്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ലാന്‍ഡറടക്കമുള്ള പരീക്ഷണ ഉപകരണങ്ങളെ സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനുള്ള ശേഷി നേടുകയെന്ന ലക്ഷ്യമാണ് കൈവരിച്ചിരിക്കുന്നത്.

തീര്‍ച്ചയായും, ചന്ദ്രയാന്‍ ശ്രേണിയില്‍ പുതിയ നിരവധി ചുവടുകളിലേക്ക് ഐ എസ് ആര്‍ ഒ സഞ്ചരിക്കും. ആദിത്യ എല്‍ വണ്‍, ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍ മിഷന്‍, ഗഗന്‍യാന്‍ രണ്ട്, ശുക്രയാന്‍ ഒന്ന്, മംഗള്‍യാന്‍ രണ്ട്, ഗഗന്‍യാന്‍ മൂന്ന് തുടങ്ങിയ വേറെയും ദൗത്യങ്ങളുടെ നിര മുന്നിലുണ്ട്. ലോകത്തെ വിവിധ ഏജന്‍സികള്‍ വാണിജ്യ ദൗത്യങ്ങളുമായി ഇന്ത്യന്‍ ഏജന്‍സിയെ സമീപിക്കുകയും ചെയ്യും. എല്ലാ ചുവടുകള്‍ക്കുമുള്ള ഊര്‍ജമാകട്ടെ ഈ ചാന്ദ്ര വിജയം.

---- facebook comment plugin here -----

Latest