Connect with us

National

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലനെ ജനക്കൂട്ടം തല്ലിക്കൊന്നു

സബാംഗിലെ ബോറോചര ഗ്രാമത്തിലെ ലോധ ഷബര്‍ സമുദായാംഗം സുഭ നായിക് (12) ആണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

കൊല്‍കത്ത| ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മേദിനിപൂര്‍ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സബാംഗിലെ ബോറോചര ഗ്രാമത്തിലെ ലോധ ഷബര്‍ സമുദായാംഗം സുഭ നായിക് (12) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.

കടയില്‍നിന്നും താന്‍ കാണാതെ ഭക്ഷണ സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഉടമ സമീപത്തുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. കാലികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന അലുമിനിയം പാത്രം കാണാനില്ലെന്ന് പ്രദേശവാസിയും അറിയിച്ചു. ഇതോടെ ജനക്കൂട്ടം മോഷ്ടാവ് ആരെന്ന് അന്വേഷിച്ചിറങ്ങി.

പിന്നീട് സുഭ നായിക് ആണ് മോഷ്ടിച്ചതെന്ന് ആരോപിച്ചു. പന്തു തട്ടുംപോലെ കുട്ടിയെ ചവിട്ടിയിരുന്നതായി ദൃക്സാക്ഷി പറഞ്ഞു. ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്ന കുട്ടി മര്‍ദനത്തിനിടയില്‍ വെള്ളം ചോദിച്ചെന്നും ദൃക്സാക്ഷി വിവരിക്കുന്നു. ലോധകള്‍ കള്ളന്മാരാണ്, അവരെ ഒരു പാഠം പഠിപ്പിക്കണം എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം.

പിറ്റേന്ന് രാവിലെ ദേഹാമാസകലം മുറിവുകളോടെ 12കാരന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവടക്കം ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുറ്റക്കാരെ തൂക്കിലേറ്റണമെന്ന് ആദിവാസി അധികാര്‍ മഞ്ച് നേതാവ് ഗീത ഹന്‍സ്ഡ പറഞ്ഞു. പശ്ചിമ ബംഗാള്‍ മന്ത്രി മനസ് ഭുനിയ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ഗീത ഹന്‍സ്ഡ ആരോപിച്ചു.

 

 

Latest