Kerala
ചെറാട് മലയില്‍ കുടുങ്ങി ആദിവാസി യുവാവ്; വനം വകുപ്പ് കണ്ടെത്തി തിരികെയെത്തിച്ചു
പാലക്കാട് | മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയയാളെ ചെറാട് ബേസ് ക്യാമ്പില്‍ എത്തിച്ചു. പ്രദേശവാസിയായ ആദിവാസി യുവാവ് രാധാകൃഷ്ണനെയാണ് തിരികെയെത്തിച്ചത്. വനം വകുപ്പ് സംഘമാണ് അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തി തിരിച്ചെത്തിച്ചത്. ഇന്ന് വൈകീട്ട് ആറിനാണ് രാധാകൃഷ്ണന്‍ മല കയറിയത്. എന്നാല്‍ ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണനെ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഇന്നലെ രാത്രിയോടെ മലയില്‍ നിന്ന് മൊബൈല്‍ ഫ്ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതോടെയാണ് വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചത്. ഒന്നിലധികം ഫ്‌ളാഷ് ലൈറ്റുകള്‍ കണ്ടതായും മലമുകളില്‍ കൂടുതല്‍ ആളുകളുണ്ടാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെറാട് സ്വദേശിയായ ബാബുവെന്ന യുവാവ് മലയിടുക്കില്‍ കുടുങ്ങിയത്. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസത്തോളം ശ്രമകരമായ രക്ഷപ്രവര്‍ത്തനം നടത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം നിരോധിത വന മേഖലകളില്‍ പ്രവേശിക്കുന്നതിന് ശക്തമായ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം മറികടന്ന് ചെറാട് മലയില്‍ വീണ്ടും ആളുകള്‍ പ്രവേശിച്ചത് ദുരൂഹതക്ക് ഇടയാക്കിയിരിക്കുകയാണ്.