Kerala
ആദിവാസികളുടെ കുടിലുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി
വിഷയത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
വയനാട് | തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ആദിവാസി കുടിലുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചു മാറ്റി.തോല്‍പ്പട്ടി ബേഗൂരിലാണ് സംഭവം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചത്. പകരം സംവിധാനം ഇല്ലാത്തതിനാല്‍ കുടുംബം ഇന്നലെ ഉറങ്ങിയത് കുടില്‍ പൊളിച്ച സ്ഥലത്ത്.
സംഭവത്തില്‍ പ്രതിഷേധിച്ച് റേഞ്ച് ഓഫീസില്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബു കുട്ടനെ കുടുംബം ഉപരോധിച്ചു. സമരത്തില്‍ ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു.
വേറെ താമസിക്കാനുള്ള സൗകര്യം നല്‍കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ക്രൂരമായ നടപടിയാണിത്. വയനാട് തോല്‍പ്പെട്ടിയില്‍ കുടിലുകള്‍ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയില്‍ തോല്‍പ്പെട്ടി റേഞ്ച് ഓഫീസിനു മുന്നില്‍ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.