Connect with us

Poem

ത്രിവർണ മുദ്ര

Published

|

Last Updated

പിറന്ന മണ്ണിൻ പുണ്യ-
മെത്രമേൽ ഗൃഹാതുര-
സ്മരണയ്ക്കുള്ളിൽ നിന്നു
ത്രിവർണമെഴുതുന്നു

രണധീരതയ്ക്കുള്ള
ചുവപ്പും സമാധാന-
പ്രിയമാനസത്തിന്റെ
വെളുപ്പും പ്രകൃതിക്കു
വരദാനമായ് ചേർന്ന
പച്ചയും വരയ്ക്കുന്പോൾ,
നടുക്ക് ജഗത്തിനെ
നയിക്കുമാരക്കാലാ-
ലുറച്ച ചക്രത്തിന്റെ
സന്ദേശമറിഞ്ഞോർ നാം
ജ്വലിക്കുമിതിഹാസ
മന്ത്രങ്ങൾ ജപിച്ചോർ നാം

നെടുനാൾ പോരാടിയ
സ്വാതന്ത്ര്യ ദാഹങ്ങൾക്ക്
ചുടുചോരയാൽ നൽകു-
മുത്തരം വായിച്ചോർ നാം
ഉറച്ച കാൽവയ്പോടെ
രക്തസാക്ഷികൾ തന്ന
ചരിത്ര സത്യം തൊട്ടു
പ്രതിജ്ഞ ചെയ്തോർ നമ്മൾ

മതജാതികൾ തമ്മിൽ
വേരറുത്തുപേക്ഷിച്ച
മനുഷ്യബന്ധങ്ങളെ
കാത്തുവെച്ചവർ നമ്മൾ

ഒരൊറ്റ സ്നേഹോത്ഭവ-
ജ്ഞാനത്തിൽ നമുക്കെന്നും
കരുത്തു പകർന്നേകും
കാലമേ… നയിച്ചാലും!

 

peekegopi@gmail.com

---- facebook comment plugin here -----

Latest