Kerala
പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്; പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ല: മന്ത്രി ബിന്ദു
43 പേരുടെ ലിസ്റ്റ് തള്ളാതെ തന്നെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാനും പട്ടിക അന്തിമമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം | സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദു. പട്ടികയില്‍ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.യു ജി സി ചട്ടങ്ങളോ സ്പെഷ്യല്‍ റൂള്‍സ് നിബന്ധനകളോ ലംഘിച്ചിട്ടില്ല.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെലക്ഷന്‍ കമ്മിറ്റി പട്ടിക 43 ആക്കി ചുരുക്കുകയായിരുന്നു.
2019 ലാണ് യു ജി സിയുടെ ചെയര്‍ ലിസ്റ്റ് വന്നത്. അതിന് മുമ്പുള്ള പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പേരിലാണ് പട്ടികയില്‍ നിന്ന് ചില പേരുകള്‍ ഒഴിവാക്കിയത്. ഇതോടെ ഒഴിവാക്കപ്പെട്ടവര്‍ പരാതിയുമായെത്തി. മന്ത്രിയെന്ന നിലയില്‍ തനിക്കും പരാതികള്‍ ലഭിച്ചു. പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്.
43 പേരുടെ ലിസ്റ്റ് തള്ളാതെ തന്നെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാനും പട്ടിക അന്തിമമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസുകളുണ്ടായത് ഉള്‍പ്പെടെ പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് വിഷയത്തില്‍ തീരുമാനമെടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്നും പുതിയ പട്ടിക താന്‍ കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവസാന തീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിയെ പുറത്താക്കണം: കെ സുധാകരന്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പാവയെ പോലെ പ്രവര്‍ത്തിക്കുന്ന മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി. സി പി എമ്മിന്റെയും പോഷക സംഘടനകളുടെയും സമ്മര്‍ദത്തിലാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയെ തെരുവില്‍ തടയുമെന്ന് കെ എസ് യു വ്യക്തമാക്കി.