Connect with us

pv anvar

തൃണമൂല്‍ അംഗത്വം തിരിച്ചടിയായി; അയോഗ്യത ഭയന്ന് പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചേക്കും

നാളെ രാവിലെ സുപ്രധാന വാര്‍ത്താ സമ്മേളനം വിളിച്ച് അന്‍വര്‍

Published

|

Last Updated

തിരുവനന്തപുരം | എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമെന്ന ഭീഷണി ഉയര്‍ന്നതോടെ എം എല്‍ എ പദവി രാജിവയ്ക്കാന്‍ ഒരുങ്ങി പി വി അന്‍വര്‍.
സി പി എം ബന്ധം ഉപേക്ഷിച്ചെങ്കിലും സ്വതന്ത്ര എം എല്‍ എ സ്ഥാനം മുറുകെ പിടിച്ചിരുന്ന പി വി അന്‍വറിന് ഒടുവില്‍ ആ പദവി ഒഴിയേണ്ടി വന്നിരിക്കുന്നു.

നാളെ രാവിലെ തിരുവനന്തപുരത്ത് സുപ്രധാന വാര്‍ത്താ സമ്മേളനം നടക്കുമെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ഈ വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് അന്‍വറുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം സ്വീകരിച്ചതായി പാര്‍ട്ടി സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തിയതാണ് അന്‍വറിന് തിരിച്ചടിയായത്. പൂര്‍ണ അംഗത്വം എടുത്തില്ലെന്നും നിയമ സഭാ കാലാവധി കഴിഞ്ഞാലേ പൂര്‍ണ അംഗത്വമെടുക്കൂ എന്നുമായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ അംഗത്വ മെടുത്തതിന് വ്യക്തമായ തെളിവു പുറത്തുവന്നതോടെ അന്‍വറിനെ അയോഗ്യനാക്കാമെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ അയോഗ്യനാക്കപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസ്സമാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് രാജിവയ്ക്കാനുള്ള നീക്കം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താന്‍ ഏറ്റെടുത്തതെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്. നിയമപരമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിയമവിദഗ്ധരുമായി കൂടി ആലോചിച്ച് ശേഷമേ തീരുമാനം എടുക്കു എന്നുമായിരുന്നു പറഞ്ഞത്. എല്‍ ഡി എഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി എം കെ) ഉണ്ടാക്കിയെങ്കിലും അതിനെ സാമൂഹിത സംഘടന എന്നു വിശേഷിപ്പിച്ചു സ്ഥാനം സുരക്ഷിതമാക്കിയിരുന്നു.

എന്നാല്‍ അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതേടെ അന്‍വറിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിച്ച് സ്പീക്കര്‍ അയോഗ്യതാ നടപടിയിലേക്ക് കടക്കും എന്നു മണത്തറിഞ്ഞ സാഹചര്യത്തിലാണ് രാജി തീരുമാനം.

ഇങ്ങനെയൊരു ഊരാക്കുടുക്കില്‍ കുടുങ്ങിയാണ് രാജിനീക്കമെങ്കിലും അതിനൊരു രക്തസാക്ഷി പരിവേഷം നല്‍കാന്‍ അന്‍വറും അന്‍വറിനെ അനുകൂലിക്കുന്നവരും നീക്കം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും വെല്ലുവിളിച്ച് പുറത്തുപോയ പി വി അന്‍വര്‍ താന്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എം എല്‍ എ എന്ന മൂന്നക്ഷരം ജനങ്ങള്‍ തനിക്ക് തന്നതാണെന്നും അത് ഒഴിയുമെന്ന ആപൂതി വച്ച് ആരും നില്‍ക്കണ്ട എന്നുമായിരുന്നു അന്നത്തെ പ്രതികരണം.

ഇനി ഒന്നേ മുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എം എല്‍ എ എന്ന പദവിയും കൂടെ ഉണ്ടാകുമെന്നും പ്രഖഅയാപിച്ചിരുന്നു. എം എല്‍ എ പദവിയുടെ സുരക്ഷിതത്വം ഉപയോഗിച്ചായിരുന്നു രാജിക്കു ശേഷം അന്‍വറിന്റെ വിവിധ നീക്കങ്ങള്‍. എന്നാല്‍ ഗത്യന്തരമില്ലാതെ രാജിവയ്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Latest