Connect with us

Kerala

തൃപ്പൂണിത്തുറ സ്‌ഫോടനം; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണവും ഊര്‍ജിതമായി നടക്കുന്നുണ്ട്.

Published

|

Last Updated

കൊച്ചി|തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണവും ഊര്‍ജിതമായി നടക്കുന്നുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ നാല് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നാല് പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടക വസ്തുക്കള്‍ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കരാറുകാര്‍ക്കെതിരെ പോത്തന്‍കോട് പോലീസും കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കരാറുകാരന്‍ ആദര്‍ശിന്റെ സഹോദരന്റെ പേരില്‍ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കള്‍ ശേഖരിച്ചത്.

സ്‌ഫോടനത്തില്‍ വീട് തകര്‍ന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ചിലര്‍ ബന്ധുവീടുകളിലേക്കും താമസം മാറിയതായും അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്നാണ് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍ പറയുന്നത്. സ്‌ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 40 വീടുകള്‍ക്ക് ബലക്ഷയവുമുണ്ടായി. വീട് തകര്‍ന്നവര്‍ക്ക് ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.