Kerala
തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 125ലധികം ആളുകള്‍
ഇന്നലെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന് വില്ലേജ് ഓഫീസില്‍ പേരും വിവരങ്ങളും നല്‍കാം.

തൃപ്പൂണിത്തുറ | തൃപ്പൂണിത്തുറ സ്‌ഫോടനത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം 125ല്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈകീട്ടോടെ തൃപ്പൂണിത്തുറ മുന്‍സിപാലിറ്റിക്ക് കൈമാറും. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന് വില്ലേജ് ഓഫീസില്‍ പേരും വിവരങ്ങളും നല്‍കാം.
നഷ്ടപരിഹാരം എത്രയും വേഗത്തില്‍ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഇന്നലെ നടന്ന ഉഗ്രസ്‌ഫോടനത്തിനുശേഷം പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളില്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകള്‍ പുര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 150 ഓളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഇന്ന് പ്രത്യേക യോഗം ചേരും. പ്രദേശത്തെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.സ്‌ഫോടനത്തില്‍ മന്ത്രി പി രാജീവ് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി.
എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക സംഭരണ കേന്ദ്രത്തില്‍ ആയിരുന്നു തീപിടിച്ച് ഉഗ്ര സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും സ്തീകളടക്കം 16 പേര്‍ക്കു പരിക്കുമുണ്ടായിരുന്നു.